ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കിന്ന് നിർണായക മത്സരമാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോറ്റാൽ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാവും. പാകിസ്താനുമായുള്ള മത്സരം തോറ്റതോടെ ന്യൂസിലാൻഡുമായുള്ള കളി ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായി. ന്യൂസിലാൻഡിനെതിരെ ഇന്ത്യ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യ പ്ലേയിങ് ഇലവനിൽ വരുത്തേണ്ട നിർണായക മാറ്റങ്ങളെ കുറിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്.
കുറേക്കാലമായി മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഇന്ത്യ ഉപയോഗപ്പെടുത്തണമെന്ന് സൽമാൻ ബട്ട് പറഞ്ഞു. മികച്ച സ്പിന്നറായ അശ്വിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ട് വരണം. വിക്കറ്റെടുക്കാൻ കഴിയുന്ന ബൗളറാണ് അശ്വിനെന്നും അദ്ദേഹം തന്‍റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
ഹാർദിക്ക് പാണ്ഡ്യ പൂർണമായും മത്സരത്തിന് സന്നദ്ധനല്ലെങ്കിൽ ശാർദുൽ താക്കൂറിനെ കളിപ്പിക്കണം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനായി സംഭാവന നൽകാൻ കഴിവുള്ള താരമാണ് ശാർദുൽ താക്കൂർ. ഇഷാൻ കിഷൻ രോഹിതിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യണം. കെ.എൽ.രാഹുൽ മൂന്നാമതായും കോഹ്ലി നാലാമതായും ക്രീസിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വിജയങ്ങളുമായി പാകിസ്താനാണ് ഗ്രൂപ്പ് രണ്ടിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒന്ന് ജയിച്ച അഫ്ഗാനിസ്താൻ രണ്ടാമതും. രണ്ട് മത്സരങ്ങളിലും വിജയം നേടാതിരുന്ന സ്കോട്ട്ലാൻഡാണ് അവസാന സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.