ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ റെക്കോർഡ് പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ അഞ്ച് താരങ്ങളുടെ ലിസ്റ്റിലേക്കാണ് ജഡേജ ഇടിച്ചുകയറിയത്. 309 വിക്കറ്റുകളുമായി മത്സരത്തിലെത്തിയ ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 311 ടെസ്റ്റ് വിക്കറ്റുണ്ടായിരുന്ന ഇഷാന്ത് ഷർമ, സഹീർ ഖാൻ എന്നിവരെ മറികടന്നാണ് ജഡ്ഡും അഞ്ചാമതെത്തിയത്.
മൂന്നാം വിക്കറ്റായി ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കിയാണ് അദ്ദേഹം ഈ റെക്കോഡിലെത്തിയത്. 417 വിക്കറ്റുകളുമായി ഹർഭജൻ സിങ്, 434 വിക്കറ്റുമായി കപിൽ ദേവ്, 533 വിക്കറ്റുമായി തന്‍റെ ടീം മേറ്റ് രവിചന്ദ്രൻ അശ്വിൻ, ഇതിഹാസ താരം അനിൽ കുബ്ലെ എന്നിവരാണ് ജഡേജക്ക് മുന്നിലുള്ളത്.
65 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. വിൽ യങ്, ടോം ബണ്ടൽ, ഗ്ലെൻ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്രി എന്നിവരെയാണ് ജഡേജ മടക്കിയയച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് 235 റൺസ് നേടി. 82 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ഏറ്റവും കൂടുതൽ സ്കോർ നേടിയത്. വിൽ യങ് 71 റൺസ് സ്വന്തമാക്കിയിരുന്നു. വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റ് നേടി.
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 86ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 18 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ ഗില്ലുമൊത്ത് മികച്ച കൂട്ടുക്കെട്ടുണ്ടാക്കിക്കൊണ്ടിരുന്ന യശ്വസ്വി ജെയ്സ്വാൾ 30 റൺസ് നേടി അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. ദിവസം അവസാനിക്കിനിരിക്കെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളർ മുഹമ്മദ് സിറാജ് അദ്യ പന്തിൽ തന്നെ പുറത്തായി. അതോടൊപ്പം റിവ്യുവും അദ്ദേഹം പാഴാക്കി. പിന്നീടെത്തിയ മുൻ നായകൻ വിരാട് കോഹ്ലി റണ്ണൗട്ടുകകയായിരുന്നു.
31 റൺസുമായി ഗില്ലും ഒരു റണ്ണുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ആദ്യ രണ്ട് മത്സരത്തിൽ വിജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാണ് ഇന്ത്യ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.