പാക് ടീമിന്‍റെ പരിശീലകനാകുമോ? മൂന്നു വാക്കിൽ അജയ് ജദേജയുടെ മറുപടി!

ലോകകപ്പിൽ അട്ടിമറി പ്രകടനങ്ങളുമായി ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവർന്നാണ് അഫ്ഗാനിസ്താൻ ഇന്ത്യയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്. ടീമിന്‍റെ തകർപ്പൻ പ്രകടനത്തിനു പിന്നിൽ മെന്‍ററായ മുൻ ഇന്ത്യൻ താരം അജയ് ജദേജയുടെ സ്വാധീനം വലുതായിരുന്നു.

അഫ്ഗാൻ ടീമിനെ ഈ നിലയിലേക്ക് വളർത്തിയെടുത്തതിൽ മാനേജ്മെന്‍റും ആരാധകരും ജദേജയോട് കടപ്പെട്ടിരിക്കണം. ലോകകപ്പിലുടനീളം അഫ്ഗാൻ നടത്തിയ കുതിപ്പിൽ മുൻ ഇന്ത്യൻ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. നാലു തകർപ്പൻ വിജയങ്ങളുമായി ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ആദ്യമായി ചാമ്പ്യൻസ് ട്രോഫി യോഗ്യതയും ഉറപ്പാക്കി. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്കൻ ടീമുകൾക്കെതിരെ അട്ടിമറി ജയം.

ലീഗ് റൗണ്ടിൽ ബംഗ്ലാദേശിനെയും അവർ വീഴ്ത്തി. ടീം പരിശീലകൻ ജൊനാഥൻ ട്രോറ്റും നായകൻ ഹഷ്മത്തുല്ല ഷാഹിദിയും ടീമിൽ ജദേജയുണ്ടാക്കിയ മാറ്റത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യക്കായി ജദേജ 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി ചുമതല ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ജദേജ കിടിലൻ മറുപടിയാണ് നൽകിയത്. അതും മൂന്നു വാക്കുകളിൽ. ‘ഞാൻ തയാറാണ്’ എന്നായിരുന്നു വെറ്ററൻ താരം പറഞ്ഞത്.

‘എന്റെ അറിവുകൾ അഫ്ഗാനികളുമായി പങ്കുവെച്ചു, പാകിസ്താൻ ഒരിക്കൽ അഫ്ഗാനിസ്താനെപ്പോലെയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. സഹതാരത്തിന്റെ മുഖത്ത് നോക്കി നിനക്ക് എന്ത് വേണമെങ്കിലും പറയാം’ -ജദേജ അഭിപ്രായപ്പെട്ടു. ജനുവരിയിൽ ഇന്ത്യൻ പര്യടനത്തിന് എത്തുന്ന അഫ്ഗാൻ ടീം മൂന്നു ട്വന്‍റി20 മത്സരങ്ങൾ കളിക്കും. ജനുവരി 11ന് മൊഹാലിയിലും 14ന് ഇൻഡോറിലും 17ന് ബംഗളൂരുവിലുമാണ് മത്സരങ്ങൾ.

Tags:    
News Summary - Jadeja's three-word reply on becoming coach of Pakistan team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.