ഷാർജ: ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിലെ അഭ്യാസ ചുവടുകൾകൊണ്ടും ലോക ക്രിക്കറ്റ് ചരിത്രത്തിൽ വീേരതിഹാസം രചിച്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഐ.പി.എൽ മത്സരങ്ങൾക്ക് ഒരുങ്ങി. ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ സ്റ്റേഡിയം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി സന്ദർശിച്ചതിന് പിന്നാലെയാണ് ജയ് ഷാ എത്തിയത്. ഐ.പി.എൽ മത്സരങ്ങൾക്കുള്ള തയാറെടുപ്പുകളിൽ ഷാ സംതൃപ്തി പ്രകടിപ്പിച്ചു.
ഷാക്കൊപ്പം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വൈസ് ചെയർമാൻ വലീദ് ബുഖാതിറും ബുഖാതിർ ഗ്രൂപ് മാനേജിങ് ഡയറക്ടറും ഷാർജ ക്രിക്കറ്റ് സറ്റേഡിയം സി.ഇ.ഒയുമായ ഖലീഫ് ബുഖാതിറും ഉണ്ടായിരുന്നു. ഐ.പി.എല്ലിലെ 12 മത്സരങ്ങൾക്ക് ഷാർജ ആതിഥേയത്വം വഹിക്കും. ഏകദിന ക്രിക്കറ്റ് മത്സരം ഒരുക്കി ഗിന്നസ് ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടം പിടിച്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തെ തന്നെ ഏറ്റവും മികച്ച സറ്റേഡിയങ്ങളിലൊന്നും ത്രസിപ്പിക്കുന്ന ക്രിക്കറ്റ് പോരാട്ടങ്ങളുടെ പടക്കളവുമായാണ് അറിയപ്പെടുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യാനും ടീമുകൾക്ക് പ്രവേശിക്കാനും പുറത്തുപോകാനും സുരക്ഷിത കവാടങ്ങൾ തയാറായിട്ടുണ്ട്. റോയൽ സ്യൂട്ടുകളും വി.ഐ.പി ഹോസ്പിറ്റാലിറ്റി ബോക്സുകളും കൂടുതൽ സൗകര്യത്തിൽ കളി ആസ്വദിക്കാവുന്ന വിധത്തിൽ ആധുനിക രീതിയിൽ വികസിപ്പിച്ചു. കമേൻററ്റർമാരുടെ ബോക്സ്, കളിക്കാരുടെ പവലിയൻ, പരിശീലന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം പൂർണ സജ്ജമാണെന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വൈസ് ചെയർമാൻ വലീദ് ബുഖാതിർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.