തകർപ്പൻ സെഞ്ച്വറിയുമായി ജയ്സ്വാളിന്റെ പോരാട്ടം; ഇന്ത്യ ആറിന് 336

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപണർ യശസ്വി ജയ്സ്വാളിന്റെ പോരാട്ട മികവിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെന്ന നിലയിലാണ് ആതിഥേയർ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒരറ്റത്ത് ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒരറ്റത്ത് ജയ്സ്വാൾ പിടിച്ചുനിൽക്കുകയായിരുന്നു. 257 പന്തുകൾ നേരിട്ട് അഞ്ച് സിക്സും 17 ഫോറുമടക്കം 179 റൺസാണ് താരം ഇതുവരെ നേടിയത്. നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 41 പന്ത് നേരിട്ട് 14 റൺസ് മാത്രമെടുത്ത രോഹിതിനെ ആദ്യ ടെസ്റ്റിനിറങ്ങിയ ശുഐബ് ബഷീർ ഒലീ പോപിന്റെ കൈയിലെത്തിക്കുകയായിരുന്നു. സ്കോർ ബോർഡിൽ 40 ​റൺസായിരുന്നു അപ്പോൾ ഇന്ത്യയുടെ സമ്പാദ്യം.

ടെസ്റ്റിൽ മോശം ഫോം തുടരുന്ന ശുഭ്മൻ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. 34 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടിച്ച് പുറത്താക്കുകയായിരുന്നു. ശേഷം ശ്രേയസ് അയ്യരെ കൂട്ടുനിർത്തി ജയ്സ്വാൾ മികച്ച കൂട്ടുകെട്ടുയർത്തിയെങ്കിലും 27 റൺസെടുത്ത ശ്രേയസ് അയ്യർ ഹാർട്ട്‍ലിയുടെ പന്തിൽ ​ബെൻ ഫോക്സിന് പിടികൊടുത്ത് മടങ്ങി. 90 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തത്.

അരങ്ങേറ്റത്തിനിറങ്ങിയ രജത് പാട്ടിദാർ പ്രതീക്ഷ നൽകിയെങ്കിലും വൈകാതെ രെഹാൻ അഹ്മദ് സ്റ്റമ്പ് പിഴുതു. 32 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അക്സർ പട്ടേൽ (27) ശുഐബ് ബഷീറിന്റെ രണ്ടാമത്തെ ഇരയായപ്പോൾ ശ്രീകർ ഭരത് 17 റൺസുമായി മടങ്ങി. രെഹാൻ അഹ്മദിന്റെ പന്തിൽ ശുഐബ് ബഷീർ പിടിച്ചായിരുന്നു ഭരതിന്റെ പുറത്താകൽ. അഞ്ച് റൺസുമായി രവിചന്ദ്രൻ അശ്വിനാണ് ജയ്സ്വാളിനൊപ്പം ക്രീസിൽ. 

Tags:    
News Summary - Jaiswal struggles with a smashing century; India 336 for six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.