പാകിസ്താൻ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ പങ്കെടുക്കാൻ എ.സി.സി ചെയർമാൻ ജയ് ഷാ ബഹ്‌റൈനിലേക്ക് പറന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ നജാം സേത്തിയുടെ നിർദേശപ്രകാരമാണ് യോഗം.
വരുന്ന സെപ്തംബറിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഏഷ്യാ കപ്പിന് പാകിസ്താൻ അതിഥേയത്വം വഹിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ, പി.സി.ബിയുടെ ആതിഥേയത്വ അവകാശം നിലനിർത്തി ടൂർണമെന്റ് യു.എ.ഇയിലേക്ക് മാറ്റും അല്ലെങ്കിൽ ശ്രീലങ്കയാണ് മറ്റൊരു ഓപ്ഷൻ.
"എ.സി.സി യോഗത്തിനായി ജയ് ഷാ ബഹ്‌റൈനിലുണ്ട്. ബി.സി.സി.ഐയുടെ നിലപാടിൽ മാറ്റമുണ്ടാവില്ല. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ഞങ്ങൾ പാകിസ്താനിലേക്ക് പോകില്ല," -ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ പെഷാവറിൽ നടന്ന ബോംബ് സ്‌ഫോടനങ്ങൾ പാകിസ്താനിൽ ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തുന്നതിനെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ വീണ്ടും ഉയർത്തുകയായിരുന്നു. അതേസമയം, ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് മാറ്റി ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിയുമായി മുൻ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ രംഗത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എ.സി.സിയുടെ മേധാവി കൂടിയായ ജയ് ഷാ, പരമ്പരയ്ക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ഔദ്യോഗികമായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതോടെ ഈ വർഷത്തെ ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് പോകില്ലെന്നാണ് പിസിബി മുൻ മേധാവി റമീസ് രാജ ഭീഷണി മുഴക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.