സജന സജീവൻ

‘എന്തൊരു കഥയാണ്! അതിലേറെ, എന്തൊരു കളിക്കാരിയാണവൾ!’ -സജന സജീവനെ പ്രകീർത്തിച്ച് ജമീമ റോഡ്രിഗ്സ്

ബംഗളൂരു: അരങ്ങേറ്റ മത്സരത്തിൽ എട്ടാം നമ്പറുകാരിയായി ക്രീസിലെത്തുക. നേരിടാനുള്ളത് ഇന്നിങ്സിൽ ശേഷിക്കുന്ന ഒരേയൊരു പന്ത്. അവസാന പന്തിൽ അപ്പോൾ ജയിക്കാൻ വേണ്ടത് അഞ്ചു റൺസ്. ആരും മാനസിക സമ്മർദത്തിലകപ്പെട്ടു പോകുന്ന ആ ഘട്ടത്തിൽ പക്ഷേ, സജന സജീവൻ എന്ന വയനാട്ടുകാരി അതൊരു അവസരമായെടുത്തു. ഒരൊറ്റ പന്തിന്റെ വീരസ്യത്തിൽ താരത്തിളക്കത്തിലേക്ക് പറന്നിറങ്ങാനുള്ള വേള. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽനിന്ന് സകല കരുത്തുമാവാഹിച്ച് സജന തൊടുത്തുവിട്ട ഷോട്ട്, ലോങ് ഓണിലൂടെ പറന്ന് അതിർവരക്കുമുകളിലൂടെ ഒഴുകിയിറങ്ങുമ്പോൾ വനിതാ ക്രിക്കറ്റിൽ ഐതിഹാസിക ഫിനിഷിങ്ങുകളിലൊന്നായി അത് ചരിത്രത്തിലേക്ക് പാഞ്ഞുകയറിയിരുന്നു.

ഇന്നലെ തുടക്കമായ വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിലുള്ള ആദ്യ മത്സരത്തിലാണ് സജന താരമായത്. 172 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇന്ത്യൻസ് സജനയു​ടെ സിക്സിലൂടെ പിടിച്ചെടുത്തത് നാലു വിക്കറ്റിന്റെ അപ്രതീക്ഷിത വിജയം. ആലിസ് കാപ്സി (53 പന്തിൽ 75 റൺസ്), ക്യാപ്റ്റൻ മേഗ് ലാനിങ് (25 പന്തിൽ 31), വൈസ് ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (24 പന്തിൽ 42) എന്നിവർ ഡൽഹിക്കായി തിളങ്ങിയപ്പോൾ മുംബൈക്കുവേണ്ടി യാസ്തിക ഭാട്യയും (45 പന്തിൽ 57) ഹർമന്‍പ്രീത് കൗറും (34 പന്തിൽ 55) അർധസെഞ്ച്വറി നേടി.

മത്സരത്തിനുശേഷം തങ്ങളെ തോൽപിച്ച സജനയുടെ സിക്സറിനെ പ്രകീർത്തിച്ച് ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസ് വൈസ് ക്യാപ്റ്റനുമായ ജമീമ റോഡ്രിഗസ് രംഗത്തെത്തി. സമൂഹ മാധ്യമമായ ‘എക്സി’ൽ സജന സിക്സറടിക്കുന്ന വിഡിയോ ഉൾപ്പെടെയാണ് ജമീമ എതിരാളിയെ പ്രശംസിച്ചത്. ‘അനായാസമൊരു സിക്സർ...എന്തൊരു ഫിനിഷിങ്ങായിരുന്നു അരങ്ങേറ്റക്കാരിയായ സജ്ജുവിന്റേത്!’-ജമീമ ചൂണ്ടിക്കാട്ടി.

‘ആ മത്സരഫലം ഞങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല..പക്ഷേ, എന്തൊരു ഫിനിഷിങ്ങായിരുന്നു അരങ്ങേറ്റക്കാരിയായ സജ്ജുവിന്റേത്!

വളരെ എളിയ ചുറ്റുപാടുകളിൽനിന്നെത്തിയവളാണ്. കേരളത്തിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവൾ. മത്സരത്തിനൊടുവിൽ ഒരു പന്തിൽ അഞ്ചു റൺസ് വേണ്ടിയിരിക്കേ ക്രീസിലെത്തി അനായാസം സിക്സറടിച്ച് ടീമിനെ ജയിപ്പിച്ചു!

എന്തൊരു കഥയാണ്..അതിലേറെ, എന്തൊരു കളിക്കാരിയാണവൾ!’ -ജമീമയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

‘നൈനോം മേം സപ്നാ...സപ്നോം മേ സജനാ...’ എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് സജന സിക്സറടിച്ച് ടീമിനെ വിജയിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു..എന്തൊരു മാച്ച്‍വിന്നിങ് ഷോട്ടായിരുന്നു അത്!’-മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ‘എക്സി’ൽ കുറിച്ചു. മുംബൈ ഇന്ത്യൻസ് വനിതാ ടീമിലെ കീറോൺ പൊള്ളാർഡാണ് സജനയെന്നായിരുന്നു സഹതാരം യാസ്തിക ഭാട്യയുടെ പ്രതികരണം.

വനിതാ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ വിൽക്കപ്പെടാതെ പോയ സജന ഇക്കുറി രാജകീയമായിത്തന്നെ വരവറിയിച്ചിരിക്കുകയാണ്. ഇത്തവണ 15 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യൻസ് മലയാളി താരത്തെ ടീമിലെടുത്തത്.

Tags:    
News Summary - Jemimah Rodrigues praises MI's Sajana for her match winning six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.