ആദ്യ ട്വന്‍റി 20 ലോകകപ്പിലെ ഹീറോ ജോഗീന്ദർ ശർമ വിരമിച്ചു

ന്യൂഡൽഹി: 2007ൽ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായ ജോഗീന്ദര്‍ ശർമ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. മിസ്‌ബാഹുൽ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നിൽക്കെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ജോഗീന്ദര്‍ ശർമയായിരുന്നു മിസ്‌ബാഹിനെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്ക് അഞ്ച് റൺസിന്റെ വിജയവും കിരീടവും സമ്മാനിച്ചത്.

അവസരങ്ങള്‍ നൽകിയതിന് ബി.സി.സി.ഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിങ്സിനും ഹരിയാന സര്‍ക്കാറിനും താരം നന്ദിയറിയിച്ചു. മുപ്പത്തിയൊമ്പതുകാരനായ അദ്ദേഹം നിലവില്‍ ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനക്കായാണ് കളിച്ചത്. 2004ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. നാല് വീതം ഏകദിനങ്ങളും ട്വന്‍റി 20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. അഞ്ച് വിക്കറ്റുകളാണ് സമ്പാദ്യം. 2007 ലോകകപ്പ് ഫൈനലിലാണ് അവസാനമായി അവസരം ലഭിച്ചത്. ഐ.പി.എല്ലിന്‍റെ ആദ്യ നാല് സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ താരമായിരുന്നു. 16 മത്സരങ്ങളില്‍ 12 വിക്കറ്റാണ് സമ്പാദ്യം. 2017ൽ വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്കായിട്ടായിരുന്നു അവസാനമായി മത്സര ക്രിക്കറ്റില്‍ കളിച്ചത്.

Tags:    
News Summary - Joginder Sharma, the hero of the first Twenty20 World Cup, has retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.