ലണ്ടൻ: ഐ.പി.എല്ലിനിടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാൻ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‍ലർക്ക് മൂന്നാം ട്വന്റി നഷ്ടമാകും. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് കാർഡിഫിലെ സോഫിയ ഗാർഡനിലാണ് അരങ്ങേറുന്നത്. ഭാര്യ ലൂസിയുടെ പ്രസവം അടുത്തതിനാലാണ് വൈറ്റ് ബാളിലെ ഇംഗ്ലീഷ് നായകൻ കൂടിയായ ബട്‍ലർ ലണ്ടനിലെ വീട്ടിലേക്ക് തിരിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്.
ബട്‍ലറുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ മൊയീൻ അലിയാകും ടീമിനെ നയിക്കുക. നാലാം മത്സരത്തിലും ബട്‍ലർ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വിൽ ജാക്സോ ബെൻ ഡക്കറ്റോ ആകും ബട്‍ലർക്ക് പകരം ഓപണറായി എത്തുക.
പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 51 പന്തിൽ 84 റൺസടിച്ച ബട്‍ലർ ടീമിനെ 23 റൺസ് ജയത്തിലേക്ക് നയിച്ചിരുന്നു. ട്വന്റി 20 ലോകകപ്പിൽ ആസ്ട്രേലിയ, നമീബിയ, ഒമാൻ, സ്കോട്ട്‍ലൻഡ് എന്നിവരടങ്ങിയ ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്.
ഐ.പി.എല്ലിൽ 11 മത്സരങ്ങളിൽ 39.89 ശരാശരിയിലും 140.78 സ്ട്രൈക്ക് റേറ്റിലും 309 റൺസാണ് ബട്‍ലർ രാജസ്ഥാൻ റോയൽസിനായി അടിച്ചെടുത്തത്. എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും താരത്തിന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.