എഡിൻബറോ: സ്കോട്‍ലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ജോഷ് ഇൻഗ്ലിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ആസ്ട്രേലിയക്ക് 70 റൺസ് ജയം. രാജ്യാന്തര ട്വന്റി20യിൽ ഒരു ഓസീസ് താരത്തിന്റെ അതിവേഗ സെഞ്ച്വറി മത്സരത്തിൽ താരം സ്വന്തമാക്കി.
രണ്ടാം ജയത്തോടെ പരമ്പരയും ഓസീസ് നേടി. ആദ്യം ബാറ്റു ചെയ്ത ഓസീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. സ്കോട്‍ലൻഡിന്റെ മറുപടി ബാറ്റിങ് 16.4 ഓവറിൽ 126 റൺസിൽ അവസാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഇൻഗ്ലിസ് 43 പന്തിലാണ് മൂന്നക്കത്തിലെത്തിയത്. 47 പന്തിൽ സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവരെയാണ് താരം മറികടന്നത്. കഴിഞ്ഞവർഷം വിശാഖപട്ടണത്ത് ഇന്ത്യക്കെതിരെ ഇൻഗ്ലിസും 47 പന്തിൽ സെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തിലാകെ 49 പന്തുകൾ നേരിട്ട ഇൻഗ്ലിസ്, ഏഴു വീതം സിക്സും ഫോറും സഹിതം 103 റൺസെടുത്താണ് പുറത്തായത്. ആദ്യ മത്സരത്തിൽ സ്കോട്ടിഷ് ബൗളർമാരെ തല്ലിച്ചതച്ച ട്രാവിസ് ഹെഡിനെ നേരിട്ട ആദ്യ പന്തിൽ തന്നെ മടക്കിയെങ്കിലും ഇത്തവണ വെടിക്കെട്ട് പൂരം ഇൻഗ്ലിസിന്‍റെ വകയായിരുന്നു. കാമറോൺ ഗ്രീൻ (29 പന്തിൽ 36), ജേക്ക് ഫ്രേസർ മക്ഗൂർക് (16 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ടിം ഡേവിഡ് (ഏഴു പന്തിൽ 17), മാർക്കസ് സ്റ്റോയ്നിസ് (20 പന്തിൽ 20) എന്നിവർ പുറത്താകാതെ നിന്നു. സ്കോട്‌ലൻഡിനായി ബ്രാഡ്‌ലി ക്യൂറി നാല് ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
സ്കോട്ടിഷ് നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കണ്ടത്. 42 പന്തിൽ നാലു വീതം സിക്സും ഫോറുമായി 59 റൺസെടുത്ത ബ്രാണ്ടൻ മക്മുല്ലൻ ടീമിന്‍റെ ടോപ് സ്കോററായി. ഒമ്പതു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം ഓപ്പണർ ജോർജ് മുൻസെ 19 റൺസെടുത്തു. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി സ്റ്റോയ്നിസ് 3.4 ഓവറിൽ 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.