കേദാർ ജാദവ്

കേദാർ ജാദവ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യൻ താരം കേദാർ ജാദവ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 73 അന്താരാഷ്ട്ര ഏകദിനങ്ങളിലും ഒൻപത് ട്വന്‍റി20 മത്സരങ്ങളിലും കളിച്ച താരം സമൂഹ മാധ്യങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നുമണി മുതൽ താൻ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചതായി കണക്കാക്കണമെന്ന് 39കാരനായ താരം എക്സ് അക്കൗണ്ടിൽ കുറിച്ചു.

2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ജാദവ്, 2014ൽ റാഞ്ചിയിൽ ശ്രീലങ്കയ്‍ക്കെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2015ൽ ഹരാരെയിൽ സിംബാബ്‍വെയ്‌ക്കെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ട്വന്റി20യിലും അരങ്ങേറി. 2020 ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. രഞ്ജി ട്രോഫിയിൽ ഇക്കഴിഞ്ഞ സീസണിലും മഹാരാഷ്ട്രക്കായി കളിച്ചിരുന്നു.

ഏകദിനത്തിൽ 42.09 ശരാശരിയിൽ 1389 റൺസും ട്വന്റി20യിൽ 20.33 ശരാശരിയിൽ 122 റൺസുമാണ് അന്താരാഷ്ട്ര കരിയറിലെ സമ്പാദ്യം. ഏകദിനത്തിൽ രണ്ടു സെഞ്ചറിയും ആറ് അർധസെഞ്ചറിയും നേടിയിട്ടുണ്ട്. ട്വന്റി20യിൽ ഒരു അർധസെഞ്ചറിയും കുറിച്ചു. 73 ഏകദിനത്തിൽനിന്ന് 27 വിക്കറ്റുകളും സ്വന്തമാക്കി. 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊച്ചി ടസ്കേഴ്സ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.

Tags:    
News Summary - Kedar Jadhav retired from all forms of cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.