കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയുടെ ആനന്ദ് കൃഷ്ണ

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലം സെയിലേഴ്സിനെ 18 റൺസിന് തോൽപിച്ച് ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: ഇരുപത്തിരണ്ട് വാര പിച്ചിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ആക്രമിച്ച ഷറഫുദ്ദീനെ ‘അറസ്റ്റ് ചെയ്ത്’ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴിന് തുടർച്ചയായ രണ്ടാം ജയം. ടൂർണമെന്‍റിൽ തോൽവിയറിയാതെ മുന്നേറിയ ഏരീസ് കൊല്ലം സെയിലേഴ്സിനെ 18 റൺസിന് കീഴടക്കിയായിരുന്നു തമ്പി അണ്ണനും പിള്ളേരും സംഭവം കളറാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ മറുപടി ബാറ്റുമായി ഇറങ്ങിയ കൊല്ലത്തിന് 18.1 ഓവറിൽ 129 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒമ്പതാമനായി ഇറങ്ങി 24 പന്തിൽ 49 റൺസെടുത്ത എൻ.എം. ഷറഫുദ്ദീന് മാത്രമാണ് കൊച്ചിയുടെ ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാനായത്.

ടോസ് ഭാഗ്യം ലഭിച്ച കൊച്ചി ക്യാപ്ടൻ ബേസിൽ തമ്പി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആനന്ദ് കൃഷ്ണനും ജോബിൻ ജോയിയും രണ്ടാം വിക്കറ്റിൽ 60 പന്തിൽനിന്ന് 90 റൺസാണ് അടിച്ചുകൂട്ടിയത്. 13.4 ഓവറിൽ 117 റൺസിൽ നിൽക്കെ ആനന്ദ് കൃഷ്ണനെ എൻ.പി. ബേസിലിന്‍റെ കൈകളിലെത്തിച്ച് കെ.എം. ഷറഫുദ്ദീനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 34 പന്തിൽ അഞ്ച് സിക്സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 54 റൺസായിരുന്നു ആനന്ദിന്‍റെ സംഭാവന.

അവസാന 38 പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനേ കൊച്ചിക്ക് കഴിഞ്ഞുള്ളൂ. ജോബിൻ ജോയിയുടെ അർധ സെഞ്ച്വറിയാണ് (51) മാന്യമായ സ്കോർ കൊച്ചിക്ക് സമ്മാനിച്ചത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത കെ.എം. ആസിഫും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത എൻ.എം. ഷറഫുദ്ദീനുമായിരുന്നു കൊച്ചിയുടെ തേരോട്ടത്തിന് തടയിട്ടത്.

ടൂർണമെന്‍റിലെ നാലാം വിജയം സ്വപ്നകണ്ട് ബാറ്റുമായി ഇറങ്ങിയ കൊല്ലത്തിന് ആദ്യ നാലോവറിൽ തന്നെ കൊച്ചി പണികൊടുത്തു. അഭിഷേക് നായർ (രണ്ട്), അരുൺ പൗലോസ് (രണ്ട്), ക്യാപ്ടൻ സച്ചിൻ ബേബി (രണ്ട്), വിക്കറ്റ് കീപ്പർ എ.കെ. അർജുൻ (മൂന്ന്) എന്നിവർ ആദ്യ അഞ്ച് ഓവറിൽനുള്ളിൽതന്നെ മടങ്ങിയതോടെ 14ന് നാല് എന്ന എന്ന നിലയിലായിരുന്നു കൊല്ലം. വത്സൽ ഗോവിന്ദ് (23) മുഹമ്മദ് ഷാനു (20) എന്നിവർ പൊരുതി നോക്കിയെങ്കിലും കൊച്ചി പിടിമുറുക്കിക്കൊണ്ടേയിരുന്നു.

എട്ട് വിക്കറ്റിന് 79 റൺസെന്ന നിലയിൽ തോൽവി ഉറപ്പിച്ചിരുന്ന ഘട്ടത്തിലായിരുന്നു ഒമ്പതാമനായി എൻ.എം. ഷറുഫുദ്ദീൻ ക്രീസിലെത്തുന്നത്. തുടർന്ന് കൊച്ചിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പറത്തിയ ഷറഫുദ്ദീൻ കൊല്ലത്തെ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. ഇന്ന് തൃശൂർ ടൈറ്റൻസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും ട്രിവാൻഡ്രം റോയൽസ് ഏരീസ് കൊല്ലത്തിനെയും നേരിടും.

Tags:    
News Summary - Kerala Cricket League: Blue Tigers beat Kollam Sailors by 18 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.