വിഷ്ണുവിന് സെഞ്ച്വറി; ശ്രേയസ്സിന് നാലു വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്ത് കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡീഷയെ 78 റൺസിന് തകർത്ത് കേരളം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം വിഷ്ണു വിനോദിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. ഒഡീഷയുടെ മറുപടി ബാറ്റിങ് 43.3 ഓവറിൽ 208 റൺസിൽ അവസാനിച്ചു. കേരളത്തിനായി ശ്രേയസ്സ് ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തി.

85 പന്തിൽ 120 റൺസെടുത്താണ് വിഷ്ണു പുറത്തായത്. എട്ടു സിക്സും അഞ്ചു ഫോറും താരം നേടി. കേരളത്തെ ബാറ്റിങ് തകർച്ചയിൽനിന്ന് കരകയറ്റിയത് വിഷ്ണുവിന്‍റെ സെഞ്ച്വറി പ്രകടനമാണ്. മുൻനിര ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ വിഷ്ണുവിനൊപ്പം അഖിൽ സ്കറിയയും അബ്ദുൽ ബാസിത്തും പുറത്തെടുത്ത പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

കേരളത്തിന്‍റെ സ്കോർ 27ൽ നില്‍ക്കേ ഓപ്പൺ മുഹമ്മദ് അസറുദ്ദീനെ (12) നഷ്ടമായി. സ്കോർ 50 പിന്നിട്ടതിനു പിന്നാലെ രോഹൻ കുന്നുമ്മലും (17) ക്യാപ്റ്റന്‍ സഞ്ജു സാംസണും (15) മടങ്ങി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സചിൻ ബേബി രണ്ട് റൺസിന് മടങ്ങി. 13 റൺസുമായി ശ്രേയസ് ഗോപാൽ കൂടി മടങ്ങിയതോടെ കേരളം 25.2 ഓവറിൽ അഞ്ച് വിക്കറ്റിന് 112 എന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റില്‍ വിഷ്ണുവും അഖിൽ സ്കറിയയും 98 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. സ്കോർ 210ൽ നിൽക്കേ 34 റൺസെടുത്ത അഖിൽ പുറത്തായി. പിന്നാലെയിറങ്ങിയ അബ്ദുല്‍ ബാസിത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറഞ്ഞു. 27 പന്തിൽ 48 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. വൈശാഖ് ചന്ദ്രൻ (നാല്), ബേസിൽ തമ്പി (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റണ്ണൊന്നും എടുക്കാതെ അഖിനും പുറത്താകാതെ നിന്നു.

ഒഡീഷക്കായി അഭിഷേക് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. രാജേഷ് മൊഹന്തി, പ്രയാഷ് സിങ് എന്നിവർ രണ്ടു വിക്കറ്റു വീതവും ഗോവിന്ദ പൊധാർ ഒരു വിക്കറ്റും നേടി. തകർച്ചയോടെയാണ് ഒഡീഷ ബാറ്റിങ് ആരംഭിച്ചത്. ബേസിൽ തമ്പിയുടെ ആദ്യ ഓവറിൽ തന്നെ റണ്ണൊന്നും എടുക്കാതെ അനുരാഗ് സാരംഗി ക്ലീൻ ബൗൾഡ്. മറ്റൊരു ഓപ്പണറായ ശാന്തനു മിശ്ര 116 പന്തിൽ 92 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി.

നായകൻ ബിപ്ലബ് സാമന്തറായ് 34 റൺസെടുത്തു. മറ്റു ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി ബേസിൽ തമ്പി, അഖിൽ സ്കറിയ എന്നിവർ രണ്ടു വിക്കറ്റ് വീതവും അഖിൻ, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയോട് ജയിച്ച കേരളം, രണ്ടാം മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Kerala defeated Odisha by 78 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.