ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ ഉത്തർപ്രദേശ് 302 റൺസിന് പുറത്ത്. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ 65 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും 82 റണ്‍സ് പിറകിലാണ് കേരളം.
ശ്രേയസ് ഗോപാല്‍ (36 റൺസ്), ജലജ് സക്‌സേന (ആറ് റൺസ്) എന്നിവരാണ് ക്രീസിലുള്ളത്. കേരളത്തിനായി വിഷ്ണു വിനോദ് 94 പന്തിൽ 74 റൺസെടുത്ത് പുറത്തായി. സചിൻ ബേബി 90 പന്തിൽ 38 റൺസും ഏഴാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 46 പന്തിൽ 35 റണ്‍സും എടുത്താണ് മടങ്ങിയത്. ബാക്കിയുള്ളവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. കൃഷ്ണ പ്രസാദ് (പൂജ്യം), രോഹൻ കുന്നുമ്മൽ (11 റൺസ്), രോഹൻ പ്രേം (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യു.പിക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് കേരളം ബാറ്റിങ് തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ കൃഷ്ണ പ്രസാദിനെ അങ്കിത് രജ്പുത് പുറത്താക്കി. ഒരുഘട്ടത്തിൽ മൂന്നിന് 32 എന്ന നിലയിലായിരുന്നു കേരളം. നാലാം വിക്കറ്റിൽ സചിന്‍-വിഷ്ണു സഖ്യം ചേർന്ന് നേടിയ 99 റൺസ് കൂട്ടുകെട്ടാണ് ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സചിനെ പുറത്താക്കി കുല്‍ദീപ് യു.പിക്ക് ബ്രേക്ക് ത്രൂ നല്‍കി. വിഷ്ണുവിനേയും കുല്‍ദീപ് മടക്കി. ശ്രേയസിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്താണ് സഞ്ജു മടങ്ങിയത്. 46 പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്‌സും അഞ്ച് ഫോറും നേടി.
അഞ്ചിന് 244 എന്ന നിലയിലാണ് രണ്ടാംദിനം യു.പി ബാറ്റിങ് ആരംഭിച്ചത്. 92 റണ്‍സെടുത്ത റിങ്കു സിങ്ങാണ് യു.പിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ധ്രുവ് ജുറല്‍ 63 റണ്‍സെടുത്തു. കേരളത്തിനായി എം.ഡി. നിതീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.