ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ആറുവിക്കറ്റിന് 351 എന്ന നിലയിലാണ് കേരളം ബാറ്റിങ് അവസാനിപ്പിച്ചത്. തകർപ്പൻ ഫോമിൽ തുടരുന്ന റോബിൻ ഉത്തപ്പയുടേയും വിഷ്ണുവിനോദിന്റെയും സെഞ്ച്വറികളാണ് കേരളത്തിന്‍റെ ഇന്നിങ്സിന് ഇന്ധനമായത്. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസൺ അതിവേഗത്തിൽ അർധ സെഞ്ച്വറി കൂടി കുറിച്ചതോടെ കേരളത്തിന്‍റെ സ്കോർ കുതിച്ചുപാഞ്ഞു. എന്നാൽ തുടർന്നെത്തിയ സചിൻ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീൻ (5) എന്നിവർക്ക് തിളങ്ങാനാകാത്തതിനാൽ കേരള സ്കോറിങ് അൽപ്പം തണുത്തു. വാലറ്റത്ത് പൊരുതിയ വത്സലാണ് (46) കേരള സ്കോർ 350 കടത്തിയത്.
104 പന്തുകളിൽ നിന്നും എട്ടു ബൗണ്ടറികളും അഞ്ചുസിക്സറുകളുമടക്കമാണ് ഉത്തപ്പ സെഞ്ച്വറി കുറിച്ചത്. ഇതോടെ വിജയ് ഹസാരെ േട്രാഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി ഉത്തപ്പ മാറി. 11 സെഞ്ച്വറികൾ നേടിയ ഉത്തപ്പ യഷ്പാൽ സിങ്ങിന്‍റെ പത്ത് സെഞ്ച്വറികളെന്ന റെക്കോർഡാണ് പഴങ്കഥയാക്കിയത്. അഞ്ചുബൗണ്ടറികളും നാലുസിക്സറുകളുമടക്കം 107 പന്തിൽ 107 റൺസുമായി വിഷ്ണുവിനോദ് മറുഭാഗത്തും ആഘോഷപൂർവ്വം ബാറ്റുവീശി.
ഉത്തപ്പക്ക് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. വെറും 25 പന്തിലാണ് സഞ്ജു അർധ ശതകം പൂർത്തിയാക്കിയത്. 29 പന്തിൽ 61 റൺസെടുത്ത സഞ്ജു റെയിൽവേ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ് റെയിൽവേസിനെ ചെറിയ സ്കോറിൽ ഒതുക്കാനാകും കേരളത്തിന്‍റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.