തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ സച്ചിന് ബേബിയുടെ നേതൃത്വത്തിലാണ് കേരള ടീം കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശ് പര്യടനത്തിലായതിനാൽ സഞ്ജു സാംസൺ ടീമിലില്ലാത്തത് കേരളത്തിന് തിരിച്ചടിയാണ്. എങ്കിലും രോഹന് കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്, സച്ചിന് ബേബി എന്നിവരുടെ ഫോമാണ് കേരള ക്യാമ്പിലെ പ്രതീക്ഷ. ഇവര്‍ക്ക് ഒപ്പം കേരളത്തിനായി ആദ്യമായി ഇറങ്ങുന്ന മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്സേനയും മലയാളി താരം സൽമാൻ നിസാറും ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. ബേസിൽ തമ്പി, എം.ഡി. നിതീഷ് സഖ്യത്തിന്റെ പേസ് ബൗളിങ്ങിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഓള് റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു മറുനാടന്‍ താരം.
ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്. പരിശീലന വേളയില്‍ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകന് അമയ് ഖുറേസിയ പറഞ്ഞു. അതേസമയം, കേരളം ഒരുക്കിയിട്ട ഗോദയിൽ സച്ചിനെയും പിള്ളേരെയും മലർത്തിയടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. സൂപ്പർ താരങ്ങളായ ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് പഞ്ചാബ് ടീം. ഐ.പി.എല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്സിമ്രാന് സിങ്, അന്മോല്പ്രീത് സിങ്, സിദ്ധാര്‍ഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകന്.
കേരള ടീം -സച്ചിന് ബേബി, രോഹന് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം, ഫായിസ് ഫനൂസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.