ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ. ആസ്ട്രേലിയയിൽ ചരിത്ര ജയം നേടിയതിന് പിന്നാലെ അമിത ആവേശം വേണ്ടെന്നും ഇംഗ്ലണ്ടുമായുള്ള പരമ്പരയാകും യഥാർഥ വെല്ലുവിളിയെന്നും പീറ്റേഴ്സൺ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പലരും പീറ്റേഴ്സന്റെ അഭിപ്രായത്തെ പുച്ഛിച്ചു തള്ളിയിരുന്നു. ആസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഇംഗ്ലണ്ട് വെല്ലുവിളിയാകില്ല എന്നായിരുന്നു ഇന്ത്യൻ ആരാധകർ പറഞ്ഞത്.
ചെന്നൈ ടെസ്റ്റിൽ 227 റൺസിന്‍റെ വലിയ തോൽവി ഇന്ത്യ വഴങ്ങിയതിന് പിന്നാലെ ഹിന്ദിയിലുള്ള ട്വീറ്റുമായി പീറ്റേഴ്സൺ കണക്കുതീർത്തു. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ കീഴടക്കിയപ്പോൾ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയത് ഓർമയുണ്ടോ എന്നാണ് പീറ്റേഴ്സൺ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 13 മുതൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. ടെസ്റ്റ് ചാംപ്യൻ ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്കും ഇംഗ്ലണ്ടിനും വരും മത്സരങ്ങൾ ഏറെ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.