ഐ.പി.എൽ സെഞ്ച്വറികളിലും ‘കിങ്’; ഗെയിലും ഇനി കോഹ്‍ലിക്ക് പിന്നിൽ

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റെക്കോഡും ഇനി ‘കിങ്’ കോഹ്‍ലിയുടെ പേരിൽ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി വെസ്റ്റിൻഡീസ് വെടിക്കെട്ടു വീരൻ സാക്ഷാൽ ക്രിസ് ഗെയിലിനെ പിന്തള്ളിയാണ് കോഹ്‍ലിയുടെ നേട്ടം. 237 മത്സരങ്ങളിൽനിന്നായി ഏഴ് സെഞ്ച്വറികളാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി താരം നേടിയത്.

ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ശിഖര്‍ ധവാന്‍റെയും ജോസ് ബട്‌ലറുടെയും റെക്കോര്‍ഡിന് ഒപ്പമെത്താനും കോഹ്‍ലിക്കായി. ധവാന്‍ 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും ബട്‌ലര്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായുമാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറികള്‍ തികച്ചത്. പുരുഷ ട്വന്റി 20 ക്രിക്കറ്റില്‍ എട്ട് സെഞ്ച്വറികള്‍ വീതമുള്ള മൈക്കല്‍ ക്ലിങ്ങര്‍, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പവും കോഹ്‍ലി ഇടംപിടിച്ചു. ഒമ്പത് ശതകങ്ങൾ നേടിയ ബാബര്‍ അസമും 22 എണ്ണം നേടിയ ക്രിസ് ഗെയിലും മാത്രമാണ് മുന്നിലുള്ളത്.

ഐ.പി.എല്ലിൽ 142 മത്സരങ്ങളിൽനിന്ന് ആറ് സെഞ്ച്വറികളാണ് ക്രിസ് ഗെയിലിന്റെ പേരിലുള്ളത്. അഞ്ചെണ്ണം നേടിയ ജോസ് ബട്‍ലറാണ് മൂന്നാമത്. ലോകേഷ് രാഹുൽ, ഡേവിഡ് വാർണർ, ഷെയ്ൻ വാട്സൺ എന്നിവർ നാല് ശതകം വീതം നേടിയിട്ടുണ്ട്.

അർധ സെഞ്ച്വറികളിൽ നിലവിൽ രണ്ടാമതാണ് കോഹ്‍ലി. ശിഖർ ധവാനും കോഹ്‍ലിയും 50 അർധ ശതകങ്ങൾ വീതം നേടിയിട്ടുണ്ടെങ്കിൽ 61 എണ്ണം നേടിയ ഡേവിഡ് വാർണറുടെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോഡ്. 37.24 ശരാശരിയിൽ 7263 റൺസ് നേടിയ കോഹ്‍ലി ഇക്കാര്യത്തിലും ഐ.പി.എല്ലിൽ ഒന്നാമനാണ്. 6617 റൺസ് നേടിയ ശിഖർ ധവാനാണ് ഇക്കാര്യത്തിൽ രണ്ടാമത്.

Tags:    
News Summary - 'King' in IPL Centuries; Gayle is now behind Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.