കാൺപൂർ: ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിവസം ആർ. അശ്വിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് വിൽ യങ് (രണ്ട്) ഔട്ടായത്. ഇതോ സമയം നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ടോം ലഥാമിന് കൃത്യസമയത്ത് റിവ്യൂ നൽകാൻ സാധിക്കാതെ വന്നേതാടെയാണ് യങ്ങിന് നിർഭാഗ്യവാനായി മടങ്ങേണ്ടി വന്നത്.
അശ്വിന്‍റെ പന്ത് യങ്ങിന്‍റെ പാഡിൽ കൊണ്ടതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ നടത്തിയ ശക്തമായ അപ്പീലിനെത്തുടർന്ന് അമ്പയർ ഔട്ട് വിധിച്ചു. ലഥാമുമായി ചർച്ച നടത്തി യങ് ഡി.ആർ.എസിനായി കൈ ഉയർത്തിയെങ്കിലും വൈകിപ്പോയിരുന്നു. സമയം കഴിഞ്ഞതിനാൽ യങ്ങിന്‍റെ അപ്പീൽ തള്ളി. ടെലിവിഷൻ റിപ്ലേകളിൽ ലൈനിന് പുറത്ത് പിച്ച് ചെയ്ത പന്ത് ലെഗ് സ്റ്റംപിന് വെളിയിലേക്ക് പോകുന്നതായി വ്യക്തമായിരുന്നു.
ആദ്യ ഇന്നിങ്സിൽ നന്നായി ബാറ്റുചെയ്ത യങ്ങിന്‍റെ വിക്കറ്റ് കിവീസിന് വലിയ നഷ്ടമായി. അവസാന ദിവസം 280 റൺസ് കൂടി നേടാനായാൽ ന്യൂസിലൻഡിന് ടെസ്റ്റ് വിജയിച്ച് 1-0ത്തിന് പരമ്പരയിൽ മുന്നിലെത്താനാകും. ഒമ്പത് വിക്കറ്റും കൈയിലിരിക്കേ ഒന്നിന് നാല് എന്ന നിലയിലാണ് സന്ദർശകർ ഇപ്പോൾ. ലഥാമും (രണ്ട്) വില്യം സോർവിലുമാണ് (0) ക്രീസിൽ.
രണ്ടാമിന്നിങ്സിൽ ഏഴിന് 234 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്താണ് ഇന്ത്യ കിവീസിന് മുന്നിൽ 284 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. ടോപ്ഓർഡർ തകർന്നപ്പോൾ മധ്യനിരയിൽ ശ്രേയസ് അയ്യരുടെയും (65) വൃദ്ധിമാൻ സാഹയുടെയും (61നോട്ടൗട്ട്) അർധസെഞ്ച്വറികളുടെ മികവിലാണ് തിരിച്ചുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.