ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗംഭീർ? ചുമതല ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററും മുൻ താരവുമായ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ. മെന്ററായി പ്രഥമ സീസണിൽ തന്നെ കൊൽക്കത്ത ടീമിനെ ഗംഭീർ കിരീടത്തിലെത്തിച്ചിരുന്നു.

ഐ.പി.എൽ ഫൈനലിനു പിന്നാലെ ചെന്നൈയിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമായി ഒരു മണിക്കൂറോളമാണ് ഗംഭീർ ചർച്ച നടത്തിയത്. പരിശീലക സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിനും താൽപര്യമുണ്ട്. എന്നാൽ ഗംഭീർ കൊൽക്കത്തയുടെ മെന്റർ സ്ഥാനം ഒഴിയരുതെന്ന് ടീം ഉടമ ഷാറൂഖ് ഖാൻ അഭ്യർഥിച്ചിട്ടുണ്ട്. പത്തു വർഷത്തേക്കു ടീമിൽ തുടരാമെന്ന ഓഫർ നൽകിയ ഷാറുഖ്, അദ്ദേഹത്തിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. രാഹുൽ ദ്രാവിഡിന്‍റെ പിൻഗാമിയാകാൻ അപേക്ഷിച്ചവരുടെ പേരുവിവരങ്ങൾ ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്വന്‍റി20 ലോകകപ്പോടെയാണ് രാഹുലിന്‍റെ കാലാവധി അവസാനിക്കുന്നത്. ആദ്യഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, മുൻ ഓസിസ് താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാങ്കർ എന്നിവരുടെ പേരുകൾ ഉയർന്നുകേട്ടെങ്കിലും 2027 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീമിനൊപ്പം തുടരേണ്ടതിനാൽ മൂവരും പിൻവാങ്ങി. ഒടുവിലാണ് ഇന്ത്യൻ ആഭ്യന്തര സാഹചര്യങ്ങൾ കൂടി അറിയാവുന്ന ഒരാൾ എന്ന നിലയിൽ ബി.സി.സി.ഐ ഗംഭീറിലേക്കെത്തിയത്.

കൊൽക്കത്തക്ക് ഐ.പി.എൽ കിരീടം കൂടി നേടികൊടുത്തതോടെയാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഗംഭീർ ഒന്നാം നമ്പറിലെത്തിയത്. നിലവിൽ ലോക്സഭ അംഗം കൂടിയായ ഗംഭീറിന്‍റെ ദേശീയത സബന്ധിച്ച നിലപാടുകളും ജയ് ഷാ ഉൾപ്പെടെയുള്ളവർക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കി. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ‌ വി.വി.എസ്. ലക്ഷ്മൺ നേരത്തേ അറിയിച്ചിരുന്നു.

Tags:    
News Summary - KKR Mentor Gautam Gambhir Set To Become Team India Head Coach After IPL 2024 Triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.