സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ മുംബൈയെ സ്വന്തം തട്ടകമായ വാംഖഡെയിൽ കേരളം തകർത്തപ്പോൾ താരമായത് മുഹമ്മദ് അസ്ഹറുദ്ദീനാണ്. 54 പന്തിൽ 137 റൺസെടുത്ത അസഹറുദ്ദീനൊപ്പം വാഴ്ത്തപ്പെടേണ്ട മറ്റൊരു പേര് കൂടിയുണ്ട്. മലപ്പുറം എടവണ്ണക്കാരൻ കെ.എം. ആസിഫാണത്.
ബൗളർമാരുടെ ശവപ്പറമ്പായി മാറിയ വാംഖഡെയിൽ ഇരുടീമുകളിലുമായി പന്തെറിഞ്ഞ 11പേരിൽ ഏറ്റവും കുറഞ്ഞ ഇക്കണോമിയിൽ ബൗൾ ചെയ്തത് കെ.എം ആസിഫാണ്. നാലോവറിൽ വെറും 25 റൺസ് മാത്രം വഴങ്ങിയ ആസിഫ് മുന്നുവിക്കറ്റുകളും വീഴ്ത്തി. അതിൽ തന്നെ രണ്ടെണ്ണം ക്ലീൻ ബൗൾഡുമായിരുന്നു.
ശ്രീശാന്തും നിതീഷും ബേസിൽ തമ്പിയുമടക്കമുള്ള ബൗളർമാർ വയറുനിറയെ തല്ലുവാങ്ങിയപ്പോഴും വരിഞ്ഞുമുറുക്കിയ ആസിഫാണ് മുംബൈ സ്കോർ 200 കടത്താതിരുന്നത്. 34 റൺസിന് മുന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയും കേരളത്തിനായി തിളങ്ങി.
27 കാരനായ ആസിഫ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സ് ടീമംഗമാണ്. 2018ൽ 40 ലക്ഷം രൂപക്കാണ് ചെന്നൈ ആസിഫിനെ സ്വന്തമാക്കിയത്. 2018 സീസണിൽ രണ്ട് മത്സരം കളിച്ചതൊഴിച്ചാൽ ആസിഫിന് ഐ.പി.എല്ലിൽ അധികം മേൽവിലാസമുണ്ടാക്കാനായിട്ടില്ല. കേരളത്തിനായി മികച്ച പ്രകടനം നടത്തി സെലക്ടർമാരുടെ കണ്ണിൽ ഇടംനേടാനാകും ആസിഫിന്‍റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.