ബംഗളൂരു: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി കളംനിറഞ്ഞാടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു.
പ്ലേഓഫിലേക്ക് കടക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നഷ്ടമായ ബാംഗ്ലൂരിന് വേണ്ടി മികച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. ഫാഫ് ഡു പ്ലെസിസിസ് 28 റൺസെടുത്ത് നൂർ അഹമ്മദിന്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ ഗ്ലെൻ മാക്സ് വെൽ 11 റൺസെടുത്ത് റാഷിദ് ഖാന് വിക്കറ്റ് നൽകി. മഹിപാൽ ലോംറോർ (1)നൂർ അഹമ്മദിന്റെ അടുത്ത ഇരയായി. ക്രീസിന്റെ മറുതലയിൽ വിക്കറ്റുകൾ വീഴുമ്പോഴും റൺറേറ്റ് താഴാതെ ഗംഭീര ഡ്രൈവുകളുമായി വിരാട് കോഹ്ലി നിലയുറപ്പിച്ചു.
മൈക്കൽ ബ്രേസ്‌വെൽ മികച്ച പിന്തുണയുമായ കോഹ്ലിക്ക് കൂട്ടായി നിന്നെങ്കിലും 26 റൺസിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ പന്തിൽ പുറത്തായി. തുടർന്നെത്തിയ ദിനേശ് കാർത്തിക് അകൗണ്ട് തുറക്കും മുൻപ് മടങ്ങി. ഏഴാം വിക്കറ്റിൽ അനൂജ് റാവത്തിനെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി സെഞ്ച്വറി തികക്കുകയായിരുന്നു. 61 പന്തിൽ 13 ഫോറും ഒരു സിക്സറുമുൾപ്പെടെ 101 റൺസെടുത്ത് കോഹ്ലിയും 23 റൺസുമായി അനൂജ് റാവത്തും പുറത്താവാതെ നിന്നു.
മഴമൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്. ഈ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും പ്ലേ ഓഫ് കളിക്കുന്ന നാലമാത്തെ ടീമിനെ തെരഞ്ഞെടുക്കുക. തോറ്റാൽ ബാംഗ്ലൂർ പുറത്താവുകയും മുംബൈ പ്ലേഓഫിലെത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.