ഐ.പി.എല്ലിൽ രണ്ടുതവണ ഓറഞ്ച് ക്യാപ്; അതുല്യ നേട്ടത്തിൽ വിരാട് കോഹ്‍ലി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതി​നുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിക്ക്. ഇതോടെ ഒന്നിലധികം തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്‍ലിയുടെ പേരിലായി. മൂന്നുതവണ ഓറഞ്ച് ക്യാപ് നേടിയ ആസ്ട്രേലിയക്കാരൻ ഡേവിഡ് വാർണറും രണ്ടുതവണ സ്വന്തമാക്കിയ വെസ്റ്റിൻഡീസുകാരൻ ക്രിസ് ഗെയിലുമാണ് കോഹ്‍ലിക്ക് മുമ്പ് ഒന്നിലധികം തവണ ഈ നേട്ടത്തിലെത്തിയവർ.

സീസണിൽ തകർപ്പൻ ഫോമിലായിരുന്ന കോഹ്‍ലി 15 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയുമടക്കം 741 റൺസാണ് അടിച്ചുകൂട്ടിയത്. 61.75 ശരാശരിയുള്ള ആർ.സി.ബി താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 154.69 ആണ്. 38 സിക്സറുകളാണ് കോഹ്‍ലി അടിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ ​സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്‍വാദ് 14 മത്സരങ്ങളിൽ 583ഉം മൂന്നാമതുള്ള രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് 16 മത്സരങ്ങളിൽ 573 റൺസുമാണ് നേടിയത്. സൺറൈ​​സേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (567), രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ (531) എന്നിവരാണ് റൺവേട്ടക്കാരിൽ നാലും അഞ്ചും സ്ഥാനത്ത്. 2016ലാണ് കോഹ്‍ലി ആദ്യമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. അന്ന് 973 റൺസാണ് താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഐ.പി.എല്ലിലെ ഒരു സീസണിലെ ഏറ്റവും ഉയർന്ന റൺവേട്ടയാണിത്.

എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് കോഹ്‍ലിയും സംഘവും ഇത്തവണ പുറത്തായത്. ടൂർണമെന്റിന്റെ തുടക്കത്തിൽ തോൽവി പതിവാക്കിയ ടീം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ആറ് മത്സരങ്ങളും ജയിച്ചാണ് ​േപ്ല ഓഫിലേക്ക് യോഗ്യത നേടിയത്. 

Tags:    
News Summary - Kohli became the first Indian player to win the Orange Cap twice in IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.