ധരംശാല: ആലിപ്പഴ വർഷത്തിനൊപ്പം കോരിച്ചൊരിഞ്ഞ പെരുമഴക്കും തടക്കാനാവാത്തതായിരുന്നു ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ റൺമഴ. പത്തോവർ പൂർത്തിയായയുടൻ കനത്ത മഴ കാരണം തടസ്സപ്പെട്ട കളി പുനരാരംഭിച്ചപ്പോൾ സൂപ്പർ താരം വിരാട് കോഹ്‍ലി അടക്കമുള്ളവരുടെ ബാറ്റിൽനിന്നുള്ള റൺമഴക്കാണ് കാണികൾ സാക്ഷ്യം വഹിച്ചത്. 47 പന്തിൽ ആറ് സിക്സും ഏഴ് ഫോറുമടക്കം 92 റൺസെടുത്ത കോഹ്‍ലിയുടെയും തകർത്തടിച്ച രജത് പാട്ടിദാറിന്റെയും കാമറൂൺ ഗ്രീനിന്റെയും മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ബംഗളൂരുകാർ അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് 250 റൺസ് കടത്താനുള്ള ആർ.സി.ബി ബാറ്റർമാരുടെ ശ്രമത്തിന് തിരിച്ചടിയായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്കായി ഒമ്പത് റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയെയും 12 റൺസെടുത്ത വിൽ ജാക്സിനെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രജത് പാട്ടിദാറും വിരാട് കോഹ്‍ലിയും ആഞ്ഞടിച്ചതോടെ സ്കോർബോർഡിൽ വേഗത്തിൽ റൺസെത്തി. രജത് പാട്ടിദാർ പുറത്തായയുടനാണ് മഴകാരണം മത്സരം നിർത്തിവെച്ചത്. പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലായിരുന്നു അപ്പോൾ ബംഗളൂരു.
23 പന്തിൽ ആറ് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസിലെത്തിയ പാട്ടിദാറിനെ സാം കറന്റെ പന്തിൽ ജോണി ബെയർസ്റ്റോ പിടികൂടുകയായിരുന്നു. മഴക്ക് ശേഷം കളി പുനരാരംഭിച്ചതോടെ കോഹ്‍ലിയും കാമറൂൺ ഗ്രീനും എതിർ ബൗളർമാരെ ആഞ്ഞു പ്രഹരിച്ചു. എന്നാൽ, സെഞ്ച്വറിയിലേക്ക് നീങ്ങിയ കോഹ്‍ലിയെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ റിലി റൂസോ പിടികൂടി. തുടർന്ന് കാമറൂൺ ഗ്രീനും ദിനേശ് കാർത്തികും ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. ഗ്രീൻ 27 പന്തിൽ 46 റൺസെടുത്തും ദിനേശ് കാർത്തിക് ഏഴ് പന്തിൽ 18 റൺസെടുത്തും പുറത്തായി. മഹിപാൽ ലംറോർ റൺസൊന്നുമെടുക്കാതെയും തിരിച്ചുകയറി.
പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നും വിദ്വത്ത് കവരപ്പ രണ്ടും വിക്കറ്റ് നേടിയപ്പോൾ സാം കറൺ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.