സിഡ്നി: ഇന്ത്യൻ ടീം അംഗങ്ങൾക്കെതിരായ കോവിഡ് പ്രോട്ടോകോൾ ലംഘന കേസുകൾ തുടരുന്നു. രോഹിത് ശർമയും സംഘവും ഹോട്ടലിൽ പോയി ഭക്ഷണം കഴിഞ്ഞ സംഭവത്തിന് പിന്നാലെ, ഒരു മാസം മുമ്പത്തെ മറ്റൊരു ലംഘന വാർത്തയാണ് മാധ്യമങ്ങൾ നിറയെ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരം ഹാർദിക് പാണ്ഡ്യയും ടെസ്റ്റിന് മുന്നോടിയായി സിഡ്നിയിൽ ഷോപ്പിങ്ങിനിറങ്ങിയതാണ് പുതിയ വാർത്ത.
ഡിസംബർ ഏഴിന് സിഡ്നിയിലെ ബേബി സ്റ്റോർ സന്ദർശിച്ച ചിത്രസഹിതം 'സിഡ്നി മോണിങ് ഹെറാൾഡ്' ആണ് വാർത്ത പുറത്തുവിട്ടത്. അടുത്തിടെ പിതാവായ ഹാർദിക്കും, പിതാവാകാൻ ഒരുങ്ങുന്ന കോഹ്ലിയും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഷോപ്പിങ് നടത്തിയെന്നായിരുന്നു വാർത്ത. ട്വൻറി20 പരമ്പരയിലെ അവസാന മത്സരത്തിന് തലേന്നായിരുന്നു ഷോപ്പിങ്. ഈ മത്സരത്തിനു പിന്നാലെ പാണ്ഡ്യ നാട്ടിലേക്ക് മടങ്ങി. കോഹ്ലി, ആദ്യ ടെസ്റ്റ് കളിച്ചതിനു ശേഷമാണ് മടങ്ങിയത്.
രണ്ട് വി.ഐ.പി സന്ദർശകർ എത്തിയെന്ന അടിക്കുറിപ്പോടെ ബേബി ഷോപ് അധികൃതർ, ജീവനക്കാരും താരങ്ങളും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് കൂടുതൽ ഇന്ത്യൻ താരങ്ങൾ അഡ്ലെയ്ഡിലെ കോഫിഷോപ്പിൽ മാസ്കണിയാതെ എത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.