കുറച്ചുകാലമായി ക്രിക്കറ്റ് വൃത്തങ്ങൾക്കിടയിൽ സംസാരവിഷയമായിരുന്നു വൈറ്റ് ബാൾ മത്സരങ്ങളിൽ (ഏകദിനം, ട്വൻറി20) വിരാട് കോഹ്ലി ഇന്ത്യൻ നായകസ്ഥാനത്തുനിന്ന് മാറുമോ എന്നത്. ലോകകപ്പിന് പിന്നാലെ ട്വൻറി20 ക്യാപ്റ്റൻ പദവി ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചതോടെ അതിൽ പകുതി യാഥാർഥ്യമായിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായി തുടരുമെന്നാണ് കോഹ്ലി അറിയിച്ചതെങ്കിലും അധികം വൈകാതെ ഏകദിന നായകസ്ഥാനത്തും മാറ്റമുണ്ടാവുമെന്നാണ് സൂചന.
ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉപനായകൻ രോഹിത് ശർമയാവും ട്വൻറി20യിൽ കോഹ്ലിയിൽനിന്ന് നായകസ്ഥാനം ഏറ്റെടുക്കുക. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ പലതവണ ജേതാക്കളാക്കുന്നതിൽ രോഹിത് കാണിച്ച നായക മികവാണ് അദ്ദേഹത്തിനു മുൻതൂക്കം നൽകുന്നത്. ഇതുപരിഗണിച്ച് ട്വൻറി20 നായകസ്ഥാനം ഉടൻ രോഹിതിന് നൽകണമെന്ന് കഴിഞ്ഞ ഐ.പി.എല്ലിന് പിന്നാലെ മുൻതാരം ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.
ഐ.പി.എല്ലിൽ വർഷങ്ങളായി ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നയിച്ചിട്ടും കിരീടം നേടിക്കൊടുക്കാനാവാത്തതും ഏകദിനത്തിലും ട്വൻറി20യിലും ഇന്ത്യക്ക് പ്രധാന ട്രോഫികളൊന്നും സമ്മാനിക്കാനാവാത്തതും കോഹ്ലിക്ക് തിരിച്ചടിയായിരുന്നു. 45 ട്വൻറി20 കളിൽ 27 വിജയമാണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്.
അവസരം കിട്ടുേമ്പാഴെല്ലാം സെലക്ടർമാർ ട്വൻറി20യിൽ കോഹ്ലിക്ക് വിശ്രമം നൽകുകയും ചെയ്തിരുന്നു. ക്യാപ്റ്റനായ ശേഷം ഇന്ത്യ 67 ട്വൻറി20 കളിച്ചപ്പോൾ അതിൽ 45 എണ്ണത്തിലേ കോഹ്ലിയുണ്ടായിരുന്നുള്ളൂ. രോഹിത് നായകനായ 19 കളികളിൽ 15 എണ്ണം ഇന്ത്യ ജയിച്ചു.
ടെസ്റ്റിലും ഏകദിനത്തിലും നായകനായ ശേഷം 2017ലാണ് ട്വൻറി20 ടീമിെൻറ നായകസ്ഥാനം കോഹ്ലി ഏറ്റെടുക്കുന്നത്. 48.45 ശരാശരിയിൽ 143.18 സ്ട്രൈക്ക്റേറ്റോടെ 1502 റൺസാണ് ട്വൻറി20 ടീമിെൻറ നായകസ്ഥാനത്ത് കോഹ്ലിയുടെ നേട്ടം. 12 അർധസെഞ്ച്വറിയും നേടി.
ടെസ്റ്റിൽ ബാറ്റിങ് ഫോം മങ്ങിയതും കോഹ്ലിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. 2020 തുടക്കം മുതൽ 12 ടെസ്റ്റുകളിൽ 26.80 ആണ് കോഹ്ലിയുടെ ശരാശരി. മൂന്നു ഫോർമാറ്റിലുമായി അവസാന 53 മത്സരങ്ങളിൽ കോഹ്ലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.