അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരായി പരിഗണിക്കപ്പെടുന്നവരാണ് ഇന്ത്യയുടെ വിരാട് കോഹ്‍ലിയും പാകിസ്താന്റെ ബാബർ അസമും. റെക്കോഡുകൾക്ക് വേണ്ടി മത്സരിക്കുമ്പോഴും ഇരുവരും കളത്തിലും കളത്തിന് പുറത്തും സൗഹൃദവും പരസ്പര ബഹുമാനവും സൂക്ഷിക്കുന്നവരാണ്.
വിരാട് കോഹ്‍ലി തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ അഭിമാനമുണ്ടാക്കിയെന്നും ആത്മവിശ്വാസം വളർത്തിയെന്നും വെളിപ്പെടുത്തുകയാണ് ബാബർ അസം. 2022ൽ കോഹ്‍ലി ബാബർ അസമിനെ കുറിച്ച് ക്രിക്കറ്റ് ഫോർമാറ്റുകളിലെ ‘ടോപ് ബാറ്റർ’ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചായിരുന്നു ബാബറിന്റെ വെളിപ്പെടുത്തൽ. കളത്തിൽ ഏറെ ഉയരങ്ങളിലെത്തിയിട്ടും തന്നോടുള്ള മനോഭാവവും ആദരവും മാറ്റാത്തതിനെ കോഹ്‍ലി പ്രശംസിച്ചിരുന്നു. ഇത്തരം താരങ്ങൾ ഏറെ ഉയരങ്ങളിലെത്തുമെന്നും ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നും ബാബർ പറഞ്ഞു.
‘ആരെങ്കിലും നമ്മെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വളരെ സന്തോഷം തോന്നും. വിരാട് കോഹ്‍ലി എന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ വളരെ അഭിമാനകരവും മികച്ചതുമായിരുന്നു. ചില കാര്യങ്ങളും ചില പ്രശംസകളും ആത്മവിശ്വാസം നൽകുന്നു’, സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ബാബർ പറഞ്ഞു.
2019ലെ ഇരുവരുടെയും കൂടിക്കാഴ്ചയെ കുറിച്ചും ബാബർ വാചാലനായി. ‘2019 ലോകകപ്പിന്റെ സമയത്ത് ഞാൻ അദ്ദേഹത്തെ കാണാൻ പോയിരുന്നു. അപ്പോൾ കരിയറിന്റെ ഉന്നതിയിലായിരുന്ന അദ്ദേഹം ഇപ്പോഴും അത് തുടരുന്നു. എനിക്ക് അദ്ദേഹത്തിൽനിന്ന് ചില കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം എല്ലാറ്റിനും വളരെ മികച്ച രീതിയിൽ വിശദീകരണം നൽകി’, ബാബർ കൂട്ടിച്ചേർത്തു.
ഏഷ്യാകപ്പിൽ നേപ്പാളിനെതിരായ ആദ്യ മത്സരത്തിൽ 131 പന്തില്‍ 151 റൺസെടുത്ത് ബാബർ ഏകദിനത്തിൽ പത്തൊമ്പതാം സെഞ്ച്വറി നേടിയിരുന്നു. 102ാം മത്സരത്തിനിറങ്ങിയ പാക് നായകൻ ഏറ്റവും വേഗത്തിൽ 19 സെഞ്ച്വറി നേടുന്ന ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കി. ഏഷ്യാകപ്പിലെ ഒരു മത്സരത്തിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടവും ബാബറിന്റെ പേരിലായിരുന്നു. ശനിയാഴ്ചയാണ് ബാബറും കോഹ്‍ലിയും നേർക്കുനേർ വരുന്ന ഇന്ത്യ-പാക് പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.