അഹമ്മദാബാദ്: ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടന്നു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 13.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

24 പന്തിൽ നാല് സിക്സും അഞ്ചുഫോറുമുൾപ്പെടെ 58 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരും 28 പന്തിൽ നാല് സിക്സും അഞ്ചുഫോറുമുൾപ്പെടെ 51 റൺസെടുത്ത വെങ്കിടേഷ് അയ്യരും ചേർന്നാണ് കൊൽക്കത്തയെ അനായാസ വിജയത്തിലെത്തിച്ചത്. റഹ്മാനുള്ള ഗുർബാസ് 23 ഉം സുനിൽ നരേയ്ൻ 21 ഉം റൺസെടുത്ത് പുറത്തായി. 

നാലാം തവണയാണ് കൊൽക്കത്ത ഐ.പി.എൽ ഫൈനലിൽ പ്രവേശിക്കുന്നത്.  തോറ്റെങ്കിലും സൺറൈസേഴ്സിന് രണ്ടാം ക്വാളിഫയറിലൂടെ തിരിച്ചുവരാൻ അവസരമുണ്ട്. ബുധനാഴ്ച നടക്കുന്ന ബംഗളൂരു -രാജസ്ഥാൻ എലിമിനേറ്ററിൽ വിജയികളായി വരുന്ന ടീമിനോടായിരിക്കും ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുക.   


നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെ മിച്ചൽ സ്റ്റാർക്കും സംഘവും എറിഞ്ഞൊതുക്കകയായിരുന്നു. സ്റ്റാർക്ക് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. 55 റൺസെടുത്ത രാഹുൽ ത്രിപതിയാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. 

സൺറൈസേഴ്സിനെ ഞെട്ടിച്ചാണ് കൊൽക്കത്ത പേസർ മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. അക്കൗണ്ട് തുറക്കും മുൻപ് ഇന്നിങ്സിലെ രണ്ടാം പന്തിൽ ട്രാവിസ് ഹെഡിന്റെ സ്റ്റംപ് പിഴുതെറിഞ്ഞു. രണ്ടാമത്തെ ഓവറിൽ വെടിക്കട്ട് ഓപണർ അഭിഷേക് ശർമയും(3) വീണു. വൈഭവ് അറോറയുടെ പന്തിൽ ആന്ദ്രേ റസ്സൽ പിടിച്ച് പുറത്താക്കുകയായിരുന്നു. കരുതലോടെ ക്രീസിൽ നിലയുറപ്പിച്ച രാഹുൽ ത്രിപതി സ്കോർ ചലിപ്പിച്ച് തുടങ്ങിയെങ്കിലും ഒമ്പത് റൺസെടുത്ത നിതീഷ് കുമാർ റെഡി സ്റ്റാർക്കിന് രണ്ടാമത്തെ വിക്കറ്റും നൽകിതോടെ അപകടം മണത്തു. കൂറ്റൻ ഷോട്ടിന് ശ്രമിക്കവെ ഉയർന്ന് പൊങ്ങിയ പന്ത് ഗുർബാസ് പിടിച്ച് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഷഹബാസ് അഹമ്മദിനെ (0) ബൗൾഡാക്കി സ്റ്റാർക്ക് മൂന്നാം വിക്കറ്റ് തികച്ചു.

തുടർന്ന് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ ത്രിപതിക്ക് ഉറച്ച പിന്തുണയുമായി ക്രീസിൽ നിലയറുപ്പിച്ചതോടെ സ്കോറിന് വേഗം കൂടി. 11 ഓവറിൽ 101 റൺസിൽ നിൽക്കെ ക്ലാസനും വീണു. 21 പന്തിൽ 32 റൺസെടുത്ത ക്ലാസൻ വൈഭവ് അറോറയെ ഉയർത്തി അടിക്കാനുള്ള ശ്രമം സിക്സ് ലൈനിൽ നിന്ന് റിങ്കു സിങ് പിടിച്ചു. സ്കോർ 121 നിൽക്കെ രാഹുൽ ത്രിപതിയെ റസ്സൽ റണ്ണൗട്ടാക്കി. 35 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസെടുത്താണ് ത്രിപതി മടങ്ങിയത്.

അബ്ദു സമദ് (12), സൻവീർ സിങ് (0) ഭുവനേശ്വർ കുമാർ (0) എന്നിവർ കാര്യമായ സംഭവനകൾ നൽകാതെ മടങ്ങി. അവസാന ഓവറുകളിൽ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്ത് നിൽപ്പാണ് ടീമിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. 24 പന്തിൽ 30 റൺസെടുത്താണ് കമ്മിൻസ് മടങ്ങിയത്. വിജയകാന്ത് വിയാസ്കാന്ത് ഏഴു റൺസുമായി പുറത്താകാതെ നിന്നു.

Tags:    
News Summary - Kolkata Knight Riders defeated Sunrisers Hyderabad by eight wickets in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.