കൊൽകത്ത: ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽകത്ത നൈറ്റ് റൈഡേഴ്സിന് 154 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 35 റൺസെടുത്ത കുൽദീപ് യാദവാണ് ടോപ് സ്കോറർ. വരുൺ ചക്രവർത്തി മൂന്നും വൈഭവ് അറോറ, ഹർഷിദ് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് നിറം മങ്ങിയ തുടക്കമാണ് ലഭിച്ചത്. ഓപണർമാരായ പ്രത്വി ഷായും (13), ഫ്രേസർ മക്ഗർകും (12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പ്രത്വിഷായെ വൈഭവ് അറോറയും വെടിക്കെട്ട് ബാറ്റർ ഫ്രേസർ മക്ഗർകിനെ മിച്ചൽ സ്റ്റാർക്കുമാണ് പുറത്താക്കിയത്.
മൂന്നാമനായെത്തിയ ഷായ് ഹോപ്പ് അറോറയെ സിക്റടിച്ച് തുടങ്ങിയെങ്കിലും മൂന്ന് പന്തിൽ ആറു റൺസെടുത്ത് കൂടാരം കയറി. അഭിഷേക് പൊരേലും നായകൻ ഋഷഭ് പന്തും ചേർന്ന് ടീമിന്റെ സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും 18 റൺസെടുത്ത അഭിഷേക് പൊരേലിനെ ബൗൾഡാക്കി ഹർഷിദ് റാണ കൂട്ടുകെട്ട് പൊളിച്ചു.
അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് രക്ഷാ പ്രവർത്തനം ആരംഭിച്ച ഋഷഭ് പന്ത് 10.1 ഓവറിൽ 93ൽ നിൽക്കെ വരുൺ ചക്രവർത്തിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ സ്ഥിതി ദയനീയമായി. 20 പന്തിൽ 27 റൺസായിരുന്നു പന്തിന്റെ ഇന്നിങ്സ്. നിലയുറപ്പിക്കും മുൻപ് ട്രിസ്റ്റൻ സ്റ്റബ്സിനെയും (4) കുമാർ കുശാഗ്രയെയും (1) ചക്രവർത്തി മടക്കി. 15 റൺസെടുത്ത അക്സർ പട്ടേലിനെ സുനിൽ നരെയ്ൻ മടക്കി.
എട്ടു റൺസെടുത്ത റാസിഖ് സലാം റാണയുടെ പന്തിൽ പുറത്തായി. ഒൻപതാമനായി ക്രീസിലെത്തിയ കുൽദീപ് യാദവ് നടത്തിയ ചെറുത്തു നിൽപ്പാണ് ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 26 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 35 റൺസെടുത്ത കുൽദീപ് യാദവ് പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.