കൊൽക്കത്ത കിരീടത്തിലേക്ക് കുതിച്ചത് കൂട്ടായ്മയുടെ കരുത്തിൽ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിലെത്തിയത് കൂട്ടായ്മയുടെ കരുത്തിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം മെന്റർ ഗൗതം ഗംഭീറിന്റെയും മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും അസി. കോച്ച് അഭിഷേക് നായരുടെയുമെല്ലാം സംഭാവനകളും കിരീട നേട്ടത്തിൽ നിർണായകമായി. ടീം ഉടമകളും ബോളിവുഡ് താരങ്ങളുമായ ഷാറൂഖ് ഖാനും ജൂഹി ചൗളയുമെല്ലാം എല്ലാ പിന്തുണയുമായി ടീമിനൊപ്പം നിന്നു.

വ്യക്തമായ മേധാവിത്തത്തോടെയാണ് കൊൽക്കത്ത ടൂർണമെന്റിൽ ജേതാക്കളാകുന്നത്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം തോറ്റ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊൽക്കത്ത ആദ്യ ക്വാളിഫയറിലും ഫൈനലിലും ഹൈദരാബാദിനെ തോൽപിച്ച് ആധികാരികമായാണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ എതിർ ടീമിന്റെ 110 വിക്കറ്റുകളാണ് അവർ എറിഞ്ഞുവീഴ്ത്തിയത്. മറ്റൊരു ടീമിനും ഇത് അവകാശപ്പെടാനില്ല. ആറുതവണ എതിർ ടീമിന്റെ മുഴുവൻ വിക്കറ്റും വീഴ്ത്തി.

നൈറ്റ് റൈഡേഴ്സിന്റെ ആറ് ബൗളർമാരാണ് ടൂർണമെന്റിൽ 10 വിക്കറ്റിലധികം സ്വന്തമാക്കിയത്. 21 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിക്കും 19 വിക്കറ്റ് നേടിയ ആന്ദ്രെ റസ്സലിനും 17 വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കിനും സുനിൽ നരെയ്നുമൊപ്പം 19 വിക്കറ്റ് നേടിയ പേസർ ഹർഷിത് റാണയും അപ്രതീക്ഷിത പ്രകടനമാണ് നടത്തിയത്. 24.75 കോടി മുടക്കി ​ലേലത്തിൽ പിടിച്ച മിച്ചൽ സ്റ്റാർക്കിന് ആദ്യ മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും നിർണായക ​േപ്ല ഓഫ് മത്സരങ്ങളിൽ രണ്ടുതവണ മത്സരത്തിലെ താരമായി.

ബാറ്റിങ്ങിലും കൊൽക്കത്തക്കാർ മോശമാക്കിയില്ല. 11നടുത്താണ് ടീമിന്റെ ടൂർണമെന്റിലെ റൺറേറ്റ്. നാല് ബാറ്റർമാരാണ് 350ലധികം റൺസ് നേടിയത്. സുനിൽ നരെയ്ൻ 488 റൺസുമായി ഒന്നാമതെത്തിയപ്പോൾ ഫിൽ സാൾട്ട് 435ഉം വെങ്കടേഷ് അയ്യർ 370ഉം ശ്രേയസ് അയ്യർ 351ഉം റൺസ് നേടി. ​ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ കുതിപ്പ് കൂടിയായിരുന്നു നൈറ്റ് റൈഡേഴ്സിന്റേത്. 2020ലെ മുംബൈ ഇന്ത്യൻസിന്റെ കുതിപ്പ് മാത്രമാണ് ഇതിനൊപ്പം നിൽക്കുന്നത്.

വെസ്റ്റിൻഡീസുകാരൻ സുനിൽ നരെയ്നെ ഓപണറാക്കിയുള്ള പരീക്ഷണമാണ് കൊൽക്കത്തക്ക് ഏറ്റവും ഗുണകരമായത്. താരം ബാറ്റ് കൊണ്ടും ബാൾ കൊണ്ടും ഒരുപോലെ വെട്ടിത്തിളങ്ങുകയും ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 31.44 ശരാശരിയിലും 180.74 സ്ട്രൈക്ക് റേറ്റിലും 488 റൺസ് അടിച്ചെടുത്ത താരം 17 വിക്കറ്റും സ്വന്തമാക്കി. നാട്ടുകാരൻ കൂടിയായ ആന്ദ്രെ റസ്സലും തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ടീമിന് മുതൽക്കൂട്ടായി. 222 റൺസ് അടിച്ചെടുത്ത താരം 19 വിക്കറ്റും സ്വന്തമാക്കി.

ടീമിന്റെ വിജയത്തിൽ നായകൻ ശ്രേയസ് അയ്യരും നിർണായക പങ്കുവഹിച്ചു. 15 മത്സരങ്ങളിൽ 351 റൺസ് നേടിയ താരം ടീം അംഗങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ഒത്തൊരുമയോടെ നയിക്കുന്നതിലും വിജയിച്ചു. ടീം മെന്ററായി എത്തിയ ഗൗതം ഗംഭീറിന്റെ സാന്നിധ്യം ടീമിന് നൽകിയ ഊർജം ചെറുതായിരുന്നില്ല. 2012ലും 2014ലും നായകനായി കൊൽക്കത്തയിലേക്ക് കിരീടമെത്തിച്ച ഗംഭീറിന്റേതായിരുന്നു സുനിൽ നരെയ്നെ ഓപണിങ് ബാറ്ററാക്കുന്നത് ഉൾപ്പെടെയുള്ള ആശയങ്ങൾ. 

Tags:    
News Summary - Kolkata's journey to the title on the strength of the team spirit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.