ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20യിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷയുമായി ഇറങ്ങിയ കേരളത്തിന് ദയനീയ തോൽവി. ബാറ്റർമാർ തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ ആന്ധ്രാപ്രദേശ് ആറു വിക്കറ്റിനാണ് സഞ്ജു സാംസണെയും സംഘത്തെയും വീഴ്ത്തിയത്.
ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 42 പന്തുകൾ ബാക്കി നിൽക്കെ ആന്ധ്ര ലക്ഷ്യത്തിലെത്തി. സ്കോർ - കേരളം 18.1 ഓവറിൽ 87ന് ഓൾ ഔട്ട്. ആന്ധ്രപ്രദേശ് -13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 88. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാമ്പ്യൻ പദവി ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം തോൽവി വഴങ്ങിയതോടെ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ പരുങ്ങലിലായി.
ഓപ്പണർ കെ.എസ്. ഭരതിന്റെ അപരാജിത അർധ സെഞ്ച്വറിയാണ് ആന്ധ്രക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം താരം 56 റൺസെടുത്തു. കേരളത്തിനായി ജലജ് സക്സേന മൂന്നു ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിൽ കേരളത്തിന്‍റെ ടോപ് സ്കോററും സക്സേനയാണ്. 22 പന്തിൽ 27 റൺസെടുത്ത താരം റൺ ഔട്ടാകുകയായിരുന്നു.
കേരള നിരയിൽ നായകൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെല്ലാം നിറംമങ്ങി. സഞ്ജു 12 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്ത് മടങ്ങി. മികച്ച ഫോമിലായിരുന്ന ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ 11 പന്തിൽ ഒരു ഫോറടക്കം ഒമ്പത് റൺസെടുത്ത് പുറത്തായി. 25 പന്തിൽ രണ്ടു ഫോറുകൾ സഹിതം 18 റൺസെടുത്ത ഓൾറൗണ്ടർ അബ്ദുൽ ബാസിത്, 13 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത എം.ഡി. നിധീഷ് എന്നിവരാണ് സക്സേനക്കു പുറമേ രണ്ടക്കത്തിലെത്തിയ കേരള താരങ്ങൾ.
മുഹമ്മദ് അസ്ഹറുദ്ദീൻ (0), സൽമാൻ നിസാർ (ഏഴു പന്തിൽ മൂന്ന്), വിഷ്ണു വിനോദ് (രണ്ടു പന്തിൽ ഒന്ന്), ഷറഫുദ്ദീൻ (0), വിനോദ് കുമാർ (11 പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എം.ഡി. നിധീഷിനെ കൂട്ടുപിടിച്ച് അബ്ദുൽ ബാസിത് ഒമ്പതാം വിക്കറ്റിൽ 21 റൺസെടുത്തതാണ് കേരളത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. സചിൻ ബേബി കളിക്കാതിരുന്നതും കേരളത്തിനു തിരിച്ചടിയായി.
ആന്ധ്രക്കായി ശശികാന്ത് നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കെ. സുദർശൻ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും വിനയ് നാല് ഓവറിൽ 17 റൺസ് വഴങ്ങിയും രാജു 3.1 ഓവറിൽ 19 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.