മുംബൈ: ആറു ദിവസത്തിനിടെ ട്വന്‍റി20 ക്രിക്കറ്റിലെ രണ്ടാം സെഞ്ച്വറി കരസ്ഥമാക്കി ഗുജറാത്ത് ഓപ്പണർ ഉർവിൽ പട്ടേൽ. ഇൻഡോറിലെ എമറാൾഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ 36 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. താരത്തിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് എട്ടു വിക്കറ്റിന് മത്സരം ജയിച്ചു.
കഴിഞ്ഞയാഴ്ച ത്രിപുരക്കെതിരായ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. 28 പന്തിലാണ് അന്ന് മൂന്നക്കത്തിലെത്തിയത്. ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറിയാണിത്. ഇതോടെ ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ 40നു താഴെ പന്തുകൾ നേരിട്ട് രണ്ടു സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഉർവിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ഉത്തരാഖണ്ഡ് കുറിച്ച വിജയലക്ഷ്യം 13.1 ഓവറിലാണ് ഗുജറാത്ത് മറികടന്നത്. 41 പന്തിൽ 115 റൺസെടുത്ത 26കാരനായ ഉർവിൽ പുറത്താകാതെ നിന്നു. 11 സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
ഗുജറാത്ത് ടൈറ്റൻസ് റിലീസ് ചെയ്ത താരത്തെ അടുത്തിടെ സൗദിയിലെ റിയാദിൽ നടന്ന മെഗാ ലേലത്തിൽ ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല. പിന്നാലെയാണ് താരത്തിന്‍റെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം. 2023 ഐ.പി.എല്ലിൽ ഉർവിലിനെ 20 ലക്ഷം രൂപക്കാണ് ഗുജറാത്ത് ടീമിലെടുത്തത്. എന്നാൽ, ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാനായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിൽ ഗുജറാത്ത് ഒന്നാമതാണ്. ആദ്യ മത്സരത്തിൽ ബറോഡയോട് പരാജയപ്പെട്ടെങ്കിലും തുടർന്നുള്ള അഞ്ചു മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഉർവിലിന്‍റെ പേരിലാണ്. 2023 നവംബറിൽ അരുണാചൽ പ്രദേശിനെതിരെ 41 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. 2010ൽ മഹാരാഷ്ട്രക്കെതിരെ 40 പന്തിൽ യൂസുഫ് പത്താൻ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്. ബറോഡയിലെ മെഹ്സന സ്വദേശിയായ ഉർവിൽ 2018ലാണ് മുംബൈക്കെതിരെ ബറോഡക്കായി ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനിറങ്ങി. എന്നാൽ, രഞ്ജി ട്രോഫി അരങ്ങേറ്റത്തിനായി പിന്നെയും താരത്തിന് ആറു വർഷം കാത്തിരിക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.