ഇതിഹാസ താരം ജുലൻ ഗോസ്വാമി ക്രിക്കറ്റിൽനിന്ന് പടിയിറങ്ങി; കളമൊഴിയുന്നത് പരമ്പര വിജയത്തോടെ

ലണ്ടന്‍: വനിത ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസ പേസർ ജുലൻ ഗോസ്വാമി കളമൊഴിഞ്ഞു. 20 വര്‍ഷത്തെ കരിയറിനാണ് ക്രിക്കറ്റിലെ സ്വപ്നവേദിയായ ലോഡ്സിൽ പരമ്പര വിജയത്തോടെ തിരശ്ശീല വീണത്. രണ്ട് വിക്കറ്റ് വീഴ്ത്തി അവസാന മത്സരം താരം അനശ്വരമാക്കി. 39കാരിയായ ജുലന്‍ 12 ടെസ്റ്റുകളിലും 204 ഏകദിനങ്ങളിലും 68 ട്വന്റി 20കളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.

ബംഗാളിലെ ചക്ദ സ്വദേശിയായ ജുലൻ 2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 255 വിക്കറ്റുകള്‍ അക്കൗണ്ടിൽ ചേർത്താണ് കളം വിടുന്നത്. വനിത ഏകദിനത്തിൽ 250 വിക്കറ്റ് നേടിയ ഏക താരമാണ് ജുലൻ. ടെസ്റ്റിൽ 44ഉം ട്വന്റി 20യിൽ 56ഉം വിക്കറ്റുകൾ സ്വന്തമാക്കി. ടെസ്റ്റിൽ 291ഉം ഏകദിനത്തിൽ 1228ഉം ട്വന്റി 20യിൽ 405ഉം റൺസാണ് സമ്പാദ്യം.

വനിതാ ഏകദിനത്തിൽ കൂടുതൽ വിക്കറ്റുകൾ (255), വനിതാ ക്രിക്കറ്റിലെ ദൈർഘ്യമേറിയ രണ്ടാമത്തെ കരിയർ (20 വർഷവും 260 ദിവസവും), ഏകദിന ക്രിക്കറ്റിൽ‌ കൂടുതൽ പന്തെറിഞ്ഞ വനിതാ താരം (10,005) തുടങ്ങി ജുലന്റെ തൊപ്പിയിലെ പൊൻതൂവലുകൾ ഏറെയാണ്. മൂന്ന് തവണ ഏഷ്യാ കപ്പ് നേടിയ താരം 2005ലും 2017ലും ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 2007ല്‍ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരമായി. 2016ല്‍ ഏകദിന വനിത ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്താനും കഴിഞ്ഞു. 31 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ലോർഡ്‌സിൽ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ താരത്തെ ഇംഗ്ലീഷ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വരവേറ്റത്. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലീഷ് പേസർ ഫ്രേയ കെംപ് താരത്തെ പുറത്താക്കി. ഇംഗ്ലീഷ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുന്ന വിഡിയോ 'നന്ദി ജൂലൻ ഗോസ്വാമി, നിങ്ങൾ ഒരു പ്രചോദനമാണ്' എന്ന കുറിപ്പോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അവസാന മത്സരത്തിനിറങ്ങുന്ന ജുലൻ ഗോസ്വാമിക്ക് ഇംഗ്ലീഷ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുന്നു

ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ ടീം പ്രിയ താരത്തിന് യാത്രയയപ്പൊരുക്കിയത്. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ 16 റണ്‍സിനാണ് ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് നേടിയ രേണുക സിങ്ങാണ് ആതിഥേയരെ തകര്‍ത്തത്.

47 റണ്‍സ് നേടിയ ചാര്‍ലോട്ട് ഡീനാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. പന്തെറിയുന്നതിനിടെ ക്രീസിന് പുറത്തുനിന്ന ഡീനിനെ ദീപ്തി ശര്‍മ റണ്ണൗട്ടാക്കുകയായിരുന്നു. എമി ജോണ്‍സ് (28), ഡാനിയേല വ്യാട്ട് (28), എമ്മ ലാംപ് (21), കെയ്റ്റ് ക്രോസ് (10), ഫ്രേയ ഡേവിസ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രേണുകക്ക് പുറമെ രാജേശ്വരി ഗെയ്ക് വാദ് രണ്ടും ദീപ്തി ശര്‍മ ഒരു വിക്കറ്റു വീഴ്ത്തി.

ഇന്ത്യക്കായി ദീപ്തി ശര്‍മ (പുറത്താവാതെ 68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് ഇന്ത്യൻ ബാറ്റിങ് നിരക്ക് കൂടുതൽ പരിക്കേൽപിച്ചത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി. തുടര്‍ന്ന് ദീപ്തി-മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന സഖ്യം 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മന്ഥാനയെ പുറത്താക്കി ക്രോസ് ഒരിക്കല്‍കൂടി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയവരില്‍ പൂജ വസ്ത്രകര്‍ (22) മാത്രമാണ് രണ്ടക്കം കണ്ടത്. ദയാലന്‍ ഹേമലത (2), ജുലൻ ഗോസ്വാമി (0), രേണുക സിങ് (0), രാജേശ്വരി ഗെയ്കവാദ് (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍, ഫ്രേയ കെംപ് എന്നിവര്‍ രണ്ടും ഫ്രേയ ഡേവിസ്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Legendary player Jhulan Goswami retires from cricket; Retires with a series win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.