ട്വന്റി20യിൽ സ്കോർ 250 കടത്തി റെക്കോഡിട്ട് ലഖ്നോ; ഐ.പി.എല്ലിലെ ഏറ്റവും മികച്ച അഞ്ച് സ്കോറുകൾ അറിയാം..

20 ഓവറിൽ 250ലേറെ റൺസ് എന്ന മാന്ത്രിക അക്കം തൊട്ടാണ് പഞ്ചാബിനെതിരായ ഐ.പി.എൽ പോരാട്ടത്തിൽ ലഖ്നോ സൂപർ ജയന്റ്സ് വെള്ളിയാഴ്ച ജയം പിടിച്ചത്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തിൽ ലഖ്നോ സ്കോർ ബോർഡിൽ അക്കങ്ങൾ അതിവേഗം മാറിമറിഞ്ഞപ്പോൾ കൂറ്റൻ സ്കോർ ഉറപ്പായിരുന്നു. അവസാന ഓവറുകളിലെത്തിയതോടെ പിറക്കാൻ പോകുന്നത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളിലൊന്നാണെന്നും വ്യക്തമായി. എന്നാൽ, 250 കടന്ന് കുതിച്ച സ്കോർ ഒരു പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡിനരികെ അവസാനിച്ചു. 2013ൽ സാക്ഷാൽ ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിൽ ബാംഗ്ലൂർ ടീം കുറിച്ച 263 റൺസിന് നാലു റൺ മാത്രം അകലെ. ക്യാപ്റ്റൻ കെ.എൽ രാഹുൽ പിന്നെയും പരാജയമായ ദിനത്തിൽ കെയ്ൽ മേയേഴ്സ് (54), ആയുഷ് ബദോനി (43), മാർകസ് സ്റ്റോയിനിസ് (72), നികൊളാസ് പൂരാൻ എന്നിവർ ചേർന്നാണ് സ്കോർ 257ലെത്തിച്ചത്.

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും മികച്ച അഞ്ചു സ്കോറുകൾ ഏതൊക്കെയെന്ന പരിശോധന ഈ ഘട്ടത്തിൽ പ്രസക്തമാകും.

ക്രിസ് ഗെയിൽ ഷോ

2013 ഐ.പി.എല്ലിൽ ബാംഗ്ലൂർ- പുണെ മത്സരം പൂർണമായി ഗെയിൽ മയമായിരുന്നു. 17 പന്തിൽ 50 എടുത്തും അടുത്ത 13ൽ സെഞ്ചൂറിയനായും ബാറ്റിങ് വെടിക്കെട്ട് നടത്തി ഗെയിൽ നിറഞ്ഞാടിയ ദിനത്തിൽ ബാംഗ്ലൂർ ഉയർത്തിയത് റെക്കോഡ് സ്കോർ. 66 പന്തിൽ ഗെയിൽ പുറത്താകാതെ നേടിയത് 175 റൺസ്. എ.ബി ഡിവിലിയേഴ്സ് മികച്ച കൂട്ടു നൽകുകയും ചെയ്തു. 20 ഓവർ അവസാനിക്കുമ്പോൾ 263ലെത്തിയ ബാംഗ്ലൂരിനു മുന്നിൽ ശരിക്കും പൂച്ചയെ കണ്ട എലിയായ പുണെ 130 റൺസിനാണ് കളി തോറ്റത്.

ലഖ്നോ ദ ജയന്റ്സ്

മൊഹാലി ബിന്ദ്ര മൈതാനത്ത് സ്വാഭാവികമായും മികച്ച കളി കെട്ടഴിക്കാനാകുമെന്ന് കൊതിച്ചാണ് പഞ്ചാബ് കളിക്കാനിറങ്ങിയിരുന്നത്. ആദ്യം ബാറ്റുപിടിച്ചെത്തിയ ലഖ്നോ നിരയിൽ നായകൻ നേരത്തെ മടങ്ങിയതാണ്. അതോടെ പ്രതീക്ഷ ഇരട്ടിയായ ആതിഥേയർ പക്ഷേ, പിന്നീടുണ്ടായതൊന്നും ഓർക്കുന്നുണ്ടാകില്ല. അതിവേഗം അർധ സെഞ്ച്വറി തൊട്ട് കെയ്ൽ മേയേഴ്സും പിറകെ ബദോനിയും സ്റ്റോയിനിസും കൂട്ടുചേർന്ന് നടത്തിയത് സമാനതകളില്ലാത്ത ബാറ്റിങ്. അവസാനം 19 പന്തിൽ 45 തികച്ച് നികൊളാസ് പൂരാനും പഞ്ചാബ് ബൗളിങ്ങിനെ പിച്ചിച്ചീന്തി. മികച്ച ബൗളർമാരായ അർഷ്ദീപ് സിങ്, കാഗിസോ റബാദ എന്നിവരൊക്കെയും തല്ലുവാങ്ങി. നാല് ഓവറിൽ ഇരുവരും വഴങ്ങിയത് 50ലേറെ റൺസ്. ലഖ്നോ കുറിച്ചതാകട്ടെ, 257.

വീണ്ടും ബാംഗ്ലൂർ

2016ൽ ബാംഗ്ലൂർ ചിന്നസ്വാമി മൈതാനത്ത് റോയൽ ചലഞ്ചേഴ്സ് വകയായിരുന്നു മറ്റൊരു വെടിക്കെട്ട്. 248 റൺസ് പിറന്ന കളിയിൽ വിരാട് കോഹ്‍ലിയും എ.ബി ഡിവി​ലിയേഴ്സുമായിരുന്നു ഹീറോകൾ. അർധ സെഞ്ച്വറി തൊടാൻ 40 പന്ത് നേരിട്ട് തുടക്കമിട്ട കോഹ്‍ലി 55 പന്ത് പൂർത്തിയാക്കുമ്പോൾ 109 റൺസിലെത്തിയിരുന്നു. മറുവശത്ത്, ഡിവിലിയേഴ്സ് അതിനെക്കാൾ മാരകമായി ബാറ്റുവീശി 52 പന്തിൽ 129ഉം കുറിച്ചു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ട്വൻറി20​യിലെ ഏറ്റവും മികച്ച രണ്ടാമത്തെയാണ്. അന്ന് എതിരാളികളായ ഗുജറാത്ത് 102ന് പുറത്താകുകയും ചെയ്തു.

ചെന്നൈയുടെ സ്വന്തം മുരളി

2010 സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ പടുത്തുയർത്തിയതാണ് നാലാമത്തെ മികച്ച സ്കോർ. മുരളി വിജയ് 56 പന്തിൽ 127 റൺസെടുത്ത ദിനത്തിൽ അർധ സെഞ്ചുറി കുറിച്ച ആൽബി മോർകലിനെ കൂട്ടുപിടിച്ച് കുറിച്ചത് 246 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 223 റൺസിലെത്തി.

ഒറ്ററൺ അകലത്തിൽ കൊൽക്കത്ത

2018 ഐ.പി.എല്ലിലായിരുന്നു അഞ്ചാമത്തെ മികച്ച ടോട്ടൽ- 245 റൺസ്. ​സുനിൽ നരെയ്ൻ (75), ദിനേശ് കാർത്തിക് (50), റസ്സൽ (31) എന്നിവരാണ് കളി നയിച്ചവർ. പിന്നാലെ എത്തിയവരും കിട്ടിയ പന്ത് അടിച്ചുപറത്തിയപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ ടീം സ്കോർ ഏറെ ഉയരത്തിലെത്തി. 

Tags:    
News Summary - Lucknow Become Only 2nd Team To Score 250 Runs, Here Are Top 5 Highest Team Totals In IPL History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.