മൊഹാലി: സ്വന്തം കാണികൾക്ക് മുന്നിൽ നിർണായക മത്സരത്തിൽ തോറ്റമ്പി പഞ്ചാബ് കിങ്സ്. കെ.എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ ഹിമാലയൻ ടോട്ടൽ (അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257) പിന്തുടർന്ന ശിഖർ ധവാനും സംഘവും തോറ്റത് 56 റൺസിന്. 19.5 ഓവറിൽ 201 റൺസിന് ആതിഥേയരുടെ എല്ലാവരും പുറത്താവുകയായിരുന്നു.
3.5 ഓവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യഷ് ഠാക്കൂറും നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴത്തിയ നവീനുൽ ഹക്കുമാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. രവി ബിഷ്‍ണോയ് രണ്ട് പേരെ പുറത്താക്കി.
36 പന്തുകളിൽ എട്ട് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 66 റൺസെടുത്ത അഥർവ തൈഡേ ഒഴിച്ചുള്ള ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. സിക്കന്തർ റാസ 22 പന്തുകളിൽ 36 റൺസ് എടുത്തു.
പഞ്ചാബ് കിങ്സ് ബൗളർമാരെ അവരുടെ തട്ടകത്തിലിട്ട് കശാപ്പ് ചെയ്യുകയായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടമായി ബാറ്റേന്തിയ കെ.എൽ രാഹുലും സംഘവും നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 257 റൺസ്. ഇന്ന് പിറന്നത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടൽ കൂടിയായിരുന്നു. 2013ൽ പൂനെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263 റൺസാണ് ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ടോട്ടൽ.
40 പന്തുകളിൽ അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 72 റൺസ് നേടിയ മാർകസ് സ്റ്റോയിനിസും 24 പന്തുകളിൽ നാല് സിക്സറുകളും ഏഴ് ഫോറുകളുമടക്കം 54 റൺസ് നേടിയ കെയ്ൽ മയേഴ്സും 24 പന്തുകളിൽ 43 റൺസ് നേടിയ ആയുഷ് ബധോനിയും 19 പന്തുകളിൽ ഏഴ് ഫോറുകളും ഒരു സിക്സറുമടക്കം 45 റൺസ് നേടിയ നികോളാസ് പൂരാനുമാണ് ലഖ്നൗവിന് കിടിലൻ ടോട്ടൽ സമ്മാനിച്ചത്. പഞ്ചാബ് ബൗളർമാരിൽ കഗിസോ റബാദ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ, താരം 52 റൺസാണ് നാലോവറിൽ വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.