ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിന് രണ്ടാം ജയവും സൺറൈസേഴ്സ് ഹൈദരാബാദിന് രണ്ടാം തോൽവിയും. ഹൈദരാബാദിനെ 5 വിക്കറ്റിനാണ് ലഖ്നോപരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 121ൽ ഒതുങ്ങിയപ്പോൾ ലഖ്നോ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ: സൺറൈസേഴ്സ് - 121/8 - 20, ലഖ്നൗ - 127/5 - 16
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇടംകൈയ്യൻ സ്പിന്നർ ക്രുണാൽ പാണ്ഡ്യയാണ് ലഖ്നോ വിന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകളും 34 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. നായകൻ കെ.എൽ രാഹുൽ 35 റൺസെടുത്തു.
സ്പിന്നർമാരാണ് ലഖ്നോക്ക് മേൽക്കൈ നൽകിയത്. ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലെഗ്സ്പിന്നർ അമിത് മിശ്ര രണ്ടു വിക്കറ്റ് പിഴുതു. ലെഗ്സ്പിന്നർ രവി ബിഷ്ണോയിയും മീഡിയം പേസർ യഷ് ഠാകൂറും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ കളിയിൽ ബാറ്റിങ്ങിൽ പരാജയമായ ടീമിനെ കരകയറ്റാൻ നായകൻ എയ്ഡൻ മാർക്രം എത്തിയെങ്കിലും കാര്യമുണ്ടായില്ല. നേരിട്ട ആദ്യ പന്തിൽ പാണ്ഡ്യക്ക് മുന്നിൽ കുറ്റി തെറിച്ച് മടങ്ങാനായിരുന്നു മാർക്രമിന്റെ വിധി. രാഹുൽ ത്രിപതി (34), അൻമോൽപ്രീത് സിങ് (31), അബ്ദുസ്സമദ് (21 നോട്ടൗട്ട്), വാഷിങ്ടൺ സുന്ദർ (16) എന്നിവർ മാത്രമേ ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്നുള്ളൂ. മായങ്ക് അഗർവാൾ (3), ഹാരി ബ്രൂക് (0) എന്നിവർ തികഞ്ഞ പരാജയമായി.
അഭിഷേക് ശർമക്ക് പകരം അവസരം ലഭിച്ച അൻമോൽപ്രീത് സിങ് തുടക്കത്തിൽ ആക്രമണോൽസുകതയോടെ കളിച്ചെങ്കിലും മറുവശത്ത് മായങ്കിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. ക്രുണാലിന്റെ പന്തിൽ മാർകസ് സ്റ്റോയ്നിസിന് പിടികൊടുത്ത് മായങ്ക് മടങ്ങിയതിനുപിന്നാലെ അൻമോൽപ്രീതും ത്രിപതിയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും എട്ടാം ഓവറിൽ പാണ്ഡ്യ ഇരട്ട പ്രഹരമേൽപിച്ചു. അൻമോൽപ്രീതിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ക്രുണാൽ തൊട്ടടുത്ത പന്തിൽ മാർക്രമിനെ ക്ലീൻ ബൗൾഡാക്കുകയും ചെയ്തു. അധികം വൈകാതെ ബ്രൂകിനെ ബിഷ്ണോയിയും മടക്കിയതോടെ ഹൈദരാബാദ് നാലിന് 55 എന്ന നിലയിലേക്ക് വീണു. പിന്നീടൊരിക്കലും ടീമിന് തിരിച്ചുകയറാനായില്ല. അവസാനഘട്ടത്തിൽ ആഞ്ഞടിച്ച അബ്ദുസ്സമദ് (10 പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം പുറത്താവാതെ 21) ആണ് ഹൈദരാബാദ് സ്കോർ 100 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.