മുംബൈ: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ അമ്പയറിനോട് മോശം പദപ്രയോഗം നടത്തിയതിനും ബാറ്റുയർത്തി രോഷപ്രകടനം നടത്തിയതിനും ലഖ്നോ സൂപ്പർ ജയന്റ്സ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസിനെ അധികൃതർ താക്കീതു ചെയ്തു. ആസ്ത്രേലിയൻ ഓൾ റൗണ്ടർ ലെവൽ വൺ പിഴവാണ് വരുത്തിയതെന്ന് മാച്ച് റഫറി വിധിക്കുകയും സ്റ്റോയ്നിസ് അത് അംഗീകരിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുണ്ട്.
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഔട്ടായതിനു പിന്നാലെ അമ്പയർ ക്രിസ് ഗഫാനിയെ ഉദ്ദേശിച്ച് സ്റ്റോയ്നിസ് പറഞ്ഞ മോശം വാക്കുകൾ സ്റ്റംപ് മൈക്രോഫോണിൽ പതിഞ്ഞിരുന്നു. ഔട്ടായതിന് തൊട്ടുമുമ്പത്തെ പന്ത് അമ്പയർ വൈഡ് വിളിക്കാഞ്ഞതാണ് സ്റ്റോയ്നിസിനെ പ്രകോപിപ്പിച്ചത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 19–ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്റ്റോയ്നിസും ജെയ്സൻ ഹോൾഡറുമായിരുന്നു ക്രീസിൽ. 12 പന്തിൽ 34 റൺസാണു ലഖ്നോവിന് ജയിക്കാൻ വേണ്ടിയിരുന്നത്.
ഹെയ്സൽവുഡിന്റെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിനു വളരെ പുറത്തുകൂടിയാണു പോയത്. വൈഡ് എന്ന് സ്റ്റോയ്നിസ് ഉറപ്പിച്ചെങ്കിലും അദ്ദേഹം നിലയുറപ്പിച്ചിരുന്നത് ഓഫ് സ്റ്റമ്പിനു പുറത്തായിരുന്നു എന്ന കാരണത്താൽ അമ്പയർ വൈഡ് വിളിച്ചില്ല. ഈ തീരുമാനത്തിലെ അനിഷ്ടം സ്റ്റോയ്നിസ് അമ്പയറിനോട് സൂചിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ ലെഗ് സൈഡിലേക്കു ഷോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റോയ്നിസ് ബൗൾഡാകുകയും ചെയ്തു. അപ്പോൾ സ്റ്റോയ്നിസ് അമ്പയറിനോട് മോശം പദപ്രയോഗം നടത്തുകയും ബാറ്റുയർത്തി രോഷം പ്രകടിപ്പിച്ച് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അച്ചടക്ക ലംഘനത്തിനു സ്റ്റോയ്നിസിനെ താക്കീതു ചെയ്തത്. ബാംഗ്ലൂർ താരത്തെ ബാറ്റുകൊണ്ട് അടിച്ചേക്കുമെന്ന് തോന്നും വിധമുള്ള സ്റ്റോയ്നിസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സ്റ്റോയ്നിസ് പുറത്തായതോടെ മത്സരത്തിൽ ലഖ്നോവിന്റെ സാധ്യതകൾ അവസാനിച്ചു. സ്റ്റോയ്നിസ് പുറത്തായതിന്റെ തൊട്ടുമുമ്പിലെ പന്ത് അമ്പയർ വൈഡ് വിളിക്കാഞ്ഞതിനെതിരെ ആരാധകരും രംഗത്തെത്തി. ആ പന്ത് അമ്പയർ വൈഡ് വിളിച്ചിരുന്നെങ്കിൽ ബോളർ സമ്മർദത്തിൽ ആകുമായിരുന്നെന്നും ഇത്തരത്തിൽ സ്റ്റോയ്നിസ് പുറത്താകുമായിരുന്നില്ലെന്നുമാണ് ആരാധകർ വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.