ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനൽ ചിത്രം തെളിഞ്ഞിരിക്കുന്നു. ഇന്ത്യക്കു പിന്നാലെ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആസ്ട്രേലിയയും കലാശപ്പോരിന് യോഗ്യത നേടി. രണ്ടാം തവണയാണ് ഇന്ത്യ-ആസ്ട്രേലിയ ഫൈനലിന് കളമൊരുങ്ങുന്നത്. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് ജേതാക്കളായത്. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ലോകകപ്പിൽ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് രോഹിത് ശർമയും സംഘവും അഹ്മദാബാദിലെത്തിയത്. ഒരു വിജയം അകലെ ഇന്ത്യയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ മൂന്നാം ലോക കീരിടം. മികച്ച ഫോമിലുള്ള ഇന്ത്യൻ സംഘം ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് ലോകം. എന്നാൽ, അഞ്ചു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയ എട്ടാം തവണയാണ് ഫൈനൽ കളിക്കുന്നത്.
ടൂർണമെന്‍റിലെ റൺവേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ തന്നെയാണ്. 10 മത്സരങ്ങളിൽനിന്ന് 711 റൺസുമായി സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും ആറു മത്സരങ്ങളിൽ 23 വിക്കറ്റുകളുമായി പേസർ മുഹമ്മദ് ഷമിയും. എന്നാൽ, ലോകകപ്പിലെ താരമാകേണ്ടത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണെന്ന് രണ്ടു തവണ ലോക കിരീടം നേടിയ ഓസീസ് ടീമിലെ അംഗമായിരുന്നു മാത്യു ഹെയ്ഡൻ പറയുന്നു.
ടൂർണമെന്‍റിലെ രോഹിത്തിന്‍റെ ആക്രമണോത്സുക ബാറ്റിങ്ങിനെയും അതുണ്ടാക്കിയ സ്വാധീനത്തെയും ഹെയ്ഡൻ വാനോളം പ്രശംസിക്കുന്നു. ഇന്ത്യയുടെ നായകൻ രോഹിത് ശർമയാണ് എന്‍റെ ഈ ലോകകപ്പിലെ താരം. കോഹ്‌ലിയുടെ റൺസ് അദ്ദേഹത്തിനില്ല, പക്ഷേ മത്സരത്തിലെ സ്വാധീനം വലുതായിരുന്നു -ഹെയ്ഡൻ ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ പറഞ്ഞു.
ലോകകപ്പിൽ ഇതുവരെ 550 റൺസാണ് രോഹിത് നേടിയത്. 55.00 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 124.15ഉം. അഫ്ഗാനിസ്താനെതിരെ 86 പന്തിൽ സെഞ്ച്വറി കുറിച്ച താരം ഇംഗ്ലണ്ടിനെതിരെ 87 റൺസും നെതർലൻഡ്സിനെതിരെ 61 റൺസും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.