ഐ.പി.എല്ലിൽ തീ തുപ്പുന്ന പന്തുകളുമായി വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തി ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഇന്ത്യക്കാരനായ മായങ്ക് യാദവ്. കഴിഞ്ഞ ദിവസം ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ കാമറൂൺ ഗ്രീനിനെതിരെ മണിക്കൂറിൽ 156.7 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്. ഇതേ മത്സരത്തിൽ തന്നെ 155.6 കിലോമീറ്റർ വേഗതയിലും മായങ്ക് ഗ്രീനിനെതിരെ പന്തെറിഞ്ഞു.
പഞ്ചാബ് കിങ്സിനെതിരെ ഐ.പി.എൽ അരങ്ങേറ്റത്തിനിറങ്ങി 155.8 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് മായങ്ക് ശ്രദ്ധ നേടുന്നത്. ആ മത്സരത്തിൽ നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും കളിയിലെ താരമാകുകയും ചെയ്തു. എന്നാൽ രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ നാലോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് മൂന്നുപേരെ മടക്കിയത്. ഈ മത്സരത്തിലും മാൻ ഓഫ് ദി മാച്ചായതോടെ സമൂഹ മാധ്യമങ്ങളിൽ മായങ്കിനെ കുറിച്ചുള്ള ചർച്ചകൾ നിറഞ്ഞിരിക്കുകയാണ്. 17 വർഷത്തെ ചരിത്രമുള്ള ഐ.പി.എല്ലിൽ ആദ്യമായാണ് ഒരു താരം ആദ്യ രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് ആകുന്നത്. ഇന്ത്യയുടെ ഭാവി ബൗളറെന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ പന്താണ് മായങ്ക് യാദവിന്റേത്. 2011 സീസണിൽ ആസ്ട്രേലിയക്കാരൻ ഷോൺ ടെയ്റ്റ് എറിഞ്ഞ 157.71 ആണ് ഏറ്റവും വേഗതയേറിയ പന്ത്. ഈ സീസണിൽ ജെറാൾഡ് കോയറ്റ്സീ 157.4 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് രണ്ടാമതുണ്ട്. എന്നാൽ, ഇത് സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽ വന്നിട്ടില്ല. 2022ൽ ലോക്കി ഫെർഗൂസൻ 157.34, ഉമ്രാൻ മാലിക് 157 എന്നിങ്ങനെ വേഗതയിൽ പന്തെറിഞ്ഞ് മൂന്നും നാലും സ്ഥാനത്തുണ്ട്. അഞ്ചാമതുള്ള മായങ്ക് യാദവിന് പിന്നിൽ 156.22 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ആന്റിച്ച് നോർജെയും 156 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ ഉമ്രാൻ മാലികുമാണുള്ളത്.
എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 161.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ പാകിസ്താന്റെ ഷുഐബ് അക്തറാണ് ഒന്നാമത്. ആസ്ട്രേലിയക്കാരായ ഷോൺ ടെയ്റ്റ് (161.1), ബ്രറ്റ് ലീ (161.1), ജെഫ് തോംസൻ (160.6), മിച്ചൽ സ്റ്റാർക്ക് (160.4) എന്നിവരാണ് 160 കിലോമീറ്റിലധികം വേഗതയിൽ പന്തെറിഞ്ഞവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.