നോക്കു അമ്മേ, എനിക്ക് പറക്കാനാകും! റെക്കോഡ് ബൗളിങ്ങിനു പിന്നാലെ മായങ്ക് യാദവ്; ഏറ്റെടുത്ത് ആരാധകർ

ബംഗളൂരു: യുവ പേസ് സെൻസേഷൻ മായങ്ക് യാദവിന്‍റെ തകർപ്പൻ ബൗളിങ് മികവിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ലഖ്നോ മികച്ച വിജയം സ്വന്തമാക്കിയത്. ആർ.സി.ബി മുൻനിരയെ തകർത്തത് മായങ്കിന്‍റെ അവിശ്വസനീയ ബൗളിങ്ങായിരുന്നു.

നാല് ഓവറുകൾ പന്തെറിഞ്ഞ താരം 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ നേടി. ബംഗളൂരു ബാറ്റർമാർ നേടിയത് രണ്ടു ബൗണ്ടറികൾ മാത്രം. ഗ്ലെൻ മാക്സ്‍വെൽ, കാമറൂൺ ഗ്രീന്‍, രജത് പട്ടീദാർ എന്നിവരുടെ വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും താരം മൂന്നു വിക്കറ്റ് നേടിയിരുന്നു. ഐ.പി.എല്ലിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തുന്ന ആറാമത്തെ മാത്രം ബൗളറാണ് മായങ്ക്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യ രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരവുമായി ഈ 21കാരൻ.

ഐ.പി.എൽ സീസണിലെ ഏറ്റവും വേഗമേറിയ പന്തെന്ന സ്വന്തം റെക്കോർഡും ആർ.സി.ബിക്കെതിരായ മത്സരത്തിൽ മായങ്ക് തിരുത്തിക്കുറിച്ചു. 156.7 കിലോമീറ്റർ വേഗതയിലാണ് മായങ്ക് പന്തെറിഞ്ഞത്. ടൂർണമെന്‍റ് ചരിത്രത്തിൽ വേഗതയേറിയ നാലാമത്തെ പന്തും. പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 155.8 കിലോമീറ്റർ വേഗതയിൽ താരം പന്തെറിഞ്ഞിരുന്നു. ഇന്ത്യൻ പേസ് ബൗളിങ്ങിലെ പുതിയ താരോദയമായാണ് മായങ്കിനെ മുൻ താരങ്ങൾ ഉൾപ്പെടെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ സീസണുകളിലും ലഖ്നോവിനൊപ്പമുണ്ടായിരുന്ന താരത്തിനു പരിക്കു കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലഖ്നോ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ 153 റൺസെടുക്കാൻ മാത്രമാണ് ആർ.സി.ബിക്കു സാധിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനായതിന്‍റെ സന്തോഷം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവെച്ചു.

‘നോക്കു അമ്മേ, എനിക്ക് പറക്കാനാകും’ എന്ന കുറിപ്പിനൊപ്പം ബംഗളൂരുവിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന്‍റെ ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. രണ്ടു ലക്ഷത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റിനു താഴെ കമന്‍റുമായി രംഗത്തെത്തി.

Tags:    
News Summary - Mayank Yadav's Instagram Post After Beating RCB Wins Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.