മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തർ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ഒമാനിന്റെ മുഹമ്മദ് ഇമ്രാനും അവരിലൊരാൾ ആയിരിക്കും. ഇമ്രാനെ കാണാൻ അക്തറിനെ പോലെയാണെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ആക്ഷൻ പോലും അക്തറിനോട് സാമ്യമുള്ളതാണ്.
മുഹമ്മദ് ഇമ്രാന്റെ ബൗളിംഗിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. അത് കാണുന്ന ആരാധകർക്ക് അക്തറുമായുള്ള സാമ്യം വ്യക്തമാകും. 26 കാരനായ ഇമ്രാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ അക്തറിന്റെ ബൗളിംഗ് ആക്ഷൻ പകർത്തുകയാണ്. ലോംഗ് റൺ-അപ്പ്, ഡെലിവറി ടെക്‌നിക്, ഒപ്പം തന്‍റെ പറക്കുന്ന മുടി എന്നിവക്കെല്ലാം ഒരു അക്തർ ടച്ചുണ്ട്. താൻ അക്തറിനെ കണ്ടാണ് വളർന്നതെന്നും ഗ്രാമത്തിലെ എല്ലാവരും അദ്ദേഹത്തെപ്പോലെ ക്രിക്കറ്റ് കളിക്കാൻ ശ്രമിക്കുമായിരുന്നുവെന്നും മുഹമ്മദ് ഇമ്രാൻ പറയുന്നു.
2012ലാണ് ഇമ്രാൻ ഖൈബർ പഖ്തൂൺഖ്വയിലെ തന്റെ ഗ്രാമം വിട്ട് കറാച്ചിയിലേക്ക് എത്തുന്നത്. ക്രിക്കറ്റ് പിന്തുടരാതെ പാകിസ്താൻ ആർമിയിൽ ചേരണമെന്ന് പിതാവ് ആഗ്രഹിച്ചതിനാലാണ് കുടുംബത്തിലെ ആരോടും പറയാതെ ഇമ്രാൻ കറാച്ചിയിലേക്ക് പോയത്. കെ.ഡി.എ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി വിവരങ്ങൾ അന്വേഷിച്ച ഇമ്രാനോട് അടുത്ത ദിവസം ട്രയലിന് വരാൻ അധികൃതർ പറഞ്ഞു. എന്നാൽ താൻ വീട്ടിൽ നിന്നും ഓടി വന്നതാണെന്നും ഇപ്പോൾ തന്നെ ട്രയൽ നോക്കാമെന്നുമാണ് ഇമ്രാൻ മറുപടി പറഞ്ഞത്. അത് അനുവദിച്ചില്ലെങ്കിലും അന്ന് അവിടെ തങ്ങാൻ ഇമ്രാന് അനുവാദം കിട്ടി.
"കറാച്ചിയിലെ ആദ്യത്തെ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. നല്ല തണുപ്പായിരുന്നു. അന്നെനിക്ക് ഉറങ്ങാനായില്ല. എന്‍റെ ജീവിതത്തിലെ എറ്റവും നീളം കൂടിയ രാത്രി അതായിരുന്നു"- മുഹമ്മദ് ഇമ്രാൻ പറയുന്നു.
അങ്ങനെയാണ് കറാച്ചി അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിഹാസ താരം വസീം അക്രത്തിന്റെ മേൽനോട്ടത്തിൽ ഫാസ്റ്റ് ബൗളർമാരെ തിരഞ്ഞെടുക്കാൻ 2013ൽ പാകിസ്ഥാൻ ജി.എസ്.എം സെല്ലുലാർ സേവനദാതാക്കളായ യുഫോൺ രാജ്യത്തുടനീളം ട്രയൽ നടത്തിയിരുന്നു. അന്ന് ഇമ്രാന്‍റെ പന്ത് മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു. വസീം അക്രം ഇമ്രാനെ അഭിനന്ദിക്കുകയും ഇതിലും വേഗത്തിൽ പന്തെറിയാൻ കഴിയുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
2019ൽ ഇമ്രാന്‍റെ ബൗളിങ്ങിന്‍റെ വീഡിയോ ഒരു സുഹൃത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് കണ്ടാണ് ഒമാനിൽ ടി20 ഫ്രാഞ്ചൈസി ബന്ധപ്പെടുന്നത്.
"എന്തുകൊണ്ടാണ് നിങ്ങൾ ഒമാനിലേക്ക് വരാത്തതെന്ന് അവർ ചോദിച്ചു. അവർ എന്നെ പാസ്പോർട്ട് എടുക്കാൻ സഹായിച്ചു. എന്നാൽ ഒമാനിൽ ക്രിക്കറ്റ് കളിച്ച് മാത്രം ജീവിക്കാൻ കഴിയില്ല. എനിക്ക് പണം സമ്പാദിക്കണമായിരുന്നു. അങ്ങനെ ഞാൻ സി.സി.ടി.വി കാമറകൾ ശരിയാക്കുന്നു. ഞാൻ ഏകദേശം 70,000 പാകിസ്ഥാൻ രൂപ സമ്പാദിക്കുന്നു. കുടുംബത്തോടുള്ള ഉത്തരവാദിത്തവും എനിക്കുണ്ട്. പകുതി പണം ഞാൻ നാട്ടിലേക്ക് അയക്കും. ഇത് 12 മണിക്കൂർ ഷിഫ്റ്റാണ്. അതിനുശേഷം ഞാൻ ജിമ്മിൽ പോകും"- ഇമ്രാൻ പറയുന്നു.
ഇപ്പോൾ ഒമാന്‍റെ നാഷണൽ ക്യാമ്പിലാണ് ഇമ്രാൻ. കൂടുതൽ സമയം ക്രിക്കറ്റ് കളിക്കാൻ ലഭിക്കുന്നതിന്‍റെയും വീഡിയോകൾ വൈറലാകുന്നതിന്‍റെയും സന്തോഷത്തിലാണ് മുഹമ്മദ് ഇമ്രാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.