മെൽബൺ: ക്രിക്കറ്റ് കണ്ട മികച്ച സ്പിന്നർമാരിലൊരാളായ ഷെയ്ൻ വോണിന്റെ അകാല വിയോഗത്തിൽ വിതുമ്പി ലോകം. വോണിന്റെ പൊടുന്നനെ കുത്തിത്തിരിയുന്ന പന്തുപോലെ അപ്രതീക്ഷിതമായി വിരുന്നെത്തിയ മരണത്തെ ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ചുനിൽക്കുകയാണ് സഹതാരങ്ങളും ആരാധകരുമെല്ലാം.
കഴിഞ്ഞദിവസം തായ്ലൻഡിലെ വില്ലയിലാണ് വോണിനെ (52) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. വോണിന് രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ് നൽകുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിന് വോണിന്റെ പേര് നൽകാൻ തീരുമാനിച്ചതായി കായിക മന്ത്രി മാർട്ടിൻ പകുല വ്യക്തമാക്കി. വോണിന് നൽകാൻ കഴിയുന്ന മികച്ച ആദരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോൺ 700ാമത്തെ വിക്കറ്റ് നേടിയതും ആഷസിൽ ഹാട്രിക് സ്വന്തമാക്കിയതും എം.സി.സിയിലാണ്. മൈതാനത്തിനുപുറത്ത് വോണിന്റെ പ്രതിമ നേരത്തേ തന്നെയുണ്ട്.
145 ടെസ്റ്റുകളിൽ 708ഉം 194 ഏകദിനങ്ങളിൽ 293വും വിക്കറ്റുള്ള വോൺ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരിൽ രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.