മുംബൈ: ഐ.പി.എൽ പുതിയ സീസൺ തുടങ്ങിയതിന് പിന്നാലെ വൻ പ്രതിസന്ധി നേരിടുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നത് മുതൽ തുടങ്ങിയതാണ് ആരാധകരുടെ രോഷം. തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ പ്രതിസന്ധി ടീമിനുള്ളിലേക്കും വളർന്നുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ടീം ഇരുചേരികളായി തിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.
അഞ്ച് വട്ടം മുംബൈയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് പകരം ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ കൊണ്ടുവന്നത് ക്യാപ്റ്റനാക്കിയത് ആരാധകർക്ക് തീരെ പിടിച്ചിരുന്നില്ല. ഐ.പി.എല്ലിന് മുമ്പേ തന്നെ മുംബൈ ആരാധകർ ഇക്കാര്യത്തിൽ തങ്ങൾക്കുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യക്തമാക്കിയിരുന്നു. കളിക്കളത്തിൽ ഹാർദിക് പാണ്ഡ്യ രോഹിത് ശർമയോട് തീരെ ബഹുമാനം കാണിക്കുന്നില്ലെന്ന ആരോപണവും ഉയർന്നു. ആദ്യത്തെ തോൽവിക്ക് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉലച്ചിലുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.
രണ്ടാം തോൽവിയോടെ ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ട് മത്സരങ്ങളിലെയും ക്യാപ്റ്റന്‍റെ പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയേകുന്നതായിരുന്നു. എന്നാൽ, ടീം മാനേജ്മെന്‍റ് ഹാർദിക്കിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ ടീം രണ്ടു ചേരിയായി തിരിയുമ്പോൾ ജസ്പ്രീത് ബുംറയും തിലക് വർമയും രോഹിത് ശർമക്കൊപ്പം നിലയുറപ്പിക്കുകയാണ്. മറ്റ് താരങ്ങളും ഇവർക്കൊപ്പമുണ്ട്. അതേസമയം, ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുള്ള ഹാർദിക് പാണ്ഡ്യയോടൊപ്പമാണ് ഇഷാൻ കിഷനും മറ്റ് ചില താരങ്ങളും.
ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ഒട്ടും മര്യാദയില്ലാതെയാണ് രോഹിതിനോട് ഹാർദിക് പെരുമാറിയതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. ഫീൽഡിങ് പൊസിഷൻ ഇടക്കിടെ മാറ്റി. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്നു രോഹിതിന് ഹാർദിക് ഇടക്കിടെ ആംഗ്യഭാഷയിൽ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. 20ാം ഓവറിൽ രണ്ടു പന്തു മാത്രം ശേഷിക്കെ ബൗണ്ടറിലൈനിൽനിന്ന് മാറാനും നിർദേശം നൽകി. മുതിർന്ന താരം, മുൻ നായകൻ, ഇന്ത്യൻ ക്യാപ്റ്റൻ തുടങ്ങിയ നിലകളിലെല്ലാം രോഹിത് ആദരം അർഹിക്കുന്നുണ്ടെന്നും ജൂനിയർ കളിക്കാരനെപ്പോലെ അദ്ദേഹത്തെ കൈകാര്യംചെയ്തത് ശരിയായില്ലെന്നാണ് ആരാധകപക്ഷം. മൈതാനത്തുവെച്ചുതന്നെ ക്യാപ്റ്റനെ പ്രകോപിപ്പിക്കുന്ന രീതിയിൽ കാണികളും പെരുമാറി. കൂവലോടെയാണ് ഹാർദിക്കിനെ എതിരേറ്റത്. രോഹിത്, രോഹിത് എന്ന വിളികളും കേൾക്കാമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ മുംബൈ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. മുംബൈയുടെ ഓരോ തോൽവിയിലും ഹാർദിക്കിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ നിറയുകയായിരുന്നു. എന്നാൽ, ഹാർദിക്കിനെ പിന്തുണക്കുന്നവർ രണ്ട് ദിവസമായി പുതിയൊരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.