സമയത്തിന് വിമാനം കയറാനെത്തിയില്ല; വിൻഡീസ് താരം ഹെറ്റ്മെയർ ലോകക്കപ്പ് ടീമിൽനിന്ന് പുറത്ത്

പോർട്ട് ഓഫ് സ്‌പെയിൻ: സമയത്തിന് വിമാനം കയറാനെത്താത്തതിന് വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറെ ട്വന്റി 20 ലോകക്കപ്പിനുള്ള ടീമിൽനിന്ന് പുറത്താക്കി. ആസ്‌ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ടീം മാനേജ്‌മെന്റിന്റെ നടപടി. പകരം ഷമറ ബ്രൂക്‌സിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐകക​ണ്ഠ്യേനയാണ് തീരുമാനമെന്ന് ടീം അധികൃതർ അറിയിച്ചു.

ഒക്ടോബർ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് വ്യക്തിപരമായ കാരണങ്ങളാൽ എത്താനാകില്ലെന്ന് ഹെറ്റ്‌മെയർ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് തിങ്കളാഴ്ച ​ൈഫ്ലറ്റ് നിശ്ചയിച്ചു. എന്നാൽ, താരത്തിന് സമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ക്രിക്കറ്റ് ബോർഡിന്റെ നടപടി.

ശനിയാഴ്ച കരീബിയൻ പ്രീമിയർ ലീഗ് അവസാനിച്ചതിനു പിന്നാലെയാണ് വെസ്റ്റിൻഡീസ് സംഘം ആസ്‌ട്രേലിയയിലെത്തിയത്. ലോകകപ്പിന് മുന്നോടിയായി വിൻഡീസ് സംഘം ആസ്‌ട്രേലിയയുമായി ട്വന്റി 20 പരമ്പരയും കളിക്കുന്നുണ്ട്. വ്യാഴാഴ്ച ഗോൾഡ് കോസ്റ്റിലാണ് ആദ്യമത്സരം. പരമ്പരയിൽ ഹെറ്റ്‌മെയറിന് കളിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല.

പകരക്കാരനായി എത്തുന്ന ഷമറ ബ്രൂക്‌സ് കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ചാമ്പ്യൻസ് ടല്ലാവാസിനു വേണ്ടി കളിക്കുന്ന താരം എട്ടു മത്സരങ്ങളിൽനിന്നായി 40.17 ശരാശരിയിൽ 241 റൺസാണ് അടിച്ചുകൂട്ടിയത്. 153.50 എന്ന മികച്ച സ്‌ട്രൈക് റേറ്റുമുണ്ട്. ഹെറ്റ്‌മെയർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്‌സിനെതിരെ പുറത്താവാതെ 109 റൺസും സ്വന്തമാക്കിയിരുന്നു.

ലോകക്കപ്പിന് പുറപ്പെടും മുമ്പെ വിൻഡീസ് ടീമിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. പ്രമുഖ താരങ്ങൾ രാജ്യത്തിനുവേണ്ടി കളിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതിൽ രോഷവും നിസ്സഹയായതയും പ്രകടിപ്പിച്ച് വെസ്റ്റിൻഡീസ് മുഖ്യ പരിശീലകൻ ഫിൽ സിമ്മൻസ് തന്നെ രംഗത്തെത്തിയിരുന്നു. ട്വന്റി 20 ലോകക്കപ്പ് അടുത്തിരിക്കെ മികച്ച ടീമിനെ സജ്ജമാക്കാൻ കഴിയാത്തതിലുള്ള നിരാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ താൽപര്യപ്പെടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

''ട്വന്റി 20 ലോകകപ്പ് അടുത്തുവരികയാണ്. വെസ്റ്റിൻഡീസിന് വേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ കഴിയില്ല. പലരും പണത്തിനു പിറകെ പായുകയാണ്. അവർക്ക് ദേശീയ ടീമിനേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബുകളാണ്. നിലവിലുള്ള ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാനാകില്ല. എല്ലാവരും വെസ്റ്റിൻഡീസിന് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെക്കാൾ വലുതായി താരങ്ങള്‍ മറ്റ് ഫ്രാഞ്ചൈസികളെ കണ്ടാല്‍ എനിക്കൊന്നും ചെയ്യാനില്ല. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സ്വയം ലഭ്യമാക്കുമെന്ന് ഞാൻ കരുതുന്നു. ഇത് വേദനിപ്പിക്കുന്നു''- എന്നിങ്ങനെയായിരുന്നു സിമ്മൻസിന്റെ പ്രതികരണം.

Tags:    
News Summary - Missed flight costs West Indies' Shimron Hetmyer his place in Twenty 20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.