മുംബൈ: അനായാസം ജയിക്കാവുന്ന കളികൾപോലും അവസാന ഓവറിന്റെ ത്രില്ലറിനായി മാറ്റിവെക്കുന്നത് ഒരുകാലത്ത് ശീലമായിരുന്നു മഹേന്ദ്ര സിങ് ധോണിക്ക്. അത് ഇരുപതുകളിലെയും മുപ്പതുകളിലെയും ധോണി. ഇപ്പോൾ വയസ്സ് 40 കഴിഞ്ഞു. പഴയ ശൗര്യമൊന്നും ഫലിക്കുന്നുമില്ല. ക്രീസിൽ വെടിക്കെട്ട് പോയിട്ടു പുകപോലുമില്ലാത്ത ഇന്നിങ്സുകളുടെ തുടർച്ച. പക്ഷേ, പുലി എന്തായാലും പുലിയാകാതാവില്ലല്ലോ. വ്യാഴാഴ്ച ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ സടകുടഞ്ഞെഴുന്നേറ്റ ധോണിയെ കണ്ട് കടുത്ത ധോണി ആരാധകർപോലും ഞെട്ടിയിരിക്കണം.
തോറ്റുതോറ്റ് ഗതികെട്ട മുംബൈ ഇന്ത്യൻസ് ആശ്വാസജയത്തിന്റെ വക്കിലായിരുന്നു 19 ഓവർ കഴിയുന്നതുവരെ. ജയദേവ് ഉനദ്കട്ട് അവസാന ഓവർ എറിയാനെത്തുമ്പോൾ ജയിക്കാൻ വേണ്ടത് 17 റൺസ്. ഫോമിൽ നിൽക്കുന്ന പ്രിട്ടോറിയസ് ആദ്യ പന്തിൽ തന്നെ വീണു. അടുത്ത പന്തിൽ ഡ്വൈൻ ബ്രാവോ സിംഗ്ൾ എടുത്ത് ധോണിക്ക് സ്ട്രൈക്ക് കൈമാറുമ്പോൾ ഈ വയസ്സുകാലത്ത് ധോണി ഇനി എന്തുചെയ്യാൻ എന്ന് ചെന്നൈ ആരാധകർപോലും ആശങ്കപ്പെട്ടിരിക്കണം.
പക്ഷേ, ഇത് ധോണിയാണ്. ഒരുകാലത്ത് ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷർ എന്നു പേരുകേട്ടയാൾ. മനസ്സിലേക്ക് ഓർമകൾ ഇരമ്പിയെത്തിയ നിമിഷം. ഉനദ്കട്ടിന്റെ അടുത്ത പന്ത് വിശ്രമിച്ചത് ലോങ് ഓഫ് ബൗണ്ടറിക്കു മുകളിലൂടെ സിക്സർ. അടുത്ത പന്ത് ഫൈൻ ലെഗ് ബൗണ്ടറി. തൊട്ടടുത്ത പന്തിൽ രണ്ട്. പതിനായിരങ്ങൾ വരുന്ന മുംബൈ ആരാധകർ സ്റ്റേഡിയത്തിൽ മുൾമുനയിൽ നിന്ന നിമിഷം. അനേകം മത്സരങ്ങളെ അവസാന നിമിഷം ജയിപ്പിച്ച ധോണിയുടെ വിശ്വരൂപം ഉനദ്കട്ടിന്റെ അവസാനപന്ത് ഷോർട്ട് ഫൈൻലെഗ് ബൗണ്ടറി കടത്തി പിച്ചിൽ ജ്വലിച്ചുനിന്നു.
തുടർച്ചയായ ഏഴാം തോൽവി ഏറ്റുവാങ്ങി തലകുമ്പിട്ട് രോഹിതും കൂട്ടരും മൈതാനം വിടുമ്പോൾ ഗാലറി മുഴുവൻ എഴുന്നേറ്റുനിന്നു.
ചുമ്മാതല്ല, 40 കഴിഞ്ഞ ധോണിയെ ചെന്നൈ ഇപ്പോഴും ടീമിൽ നിലനിർത്തിയിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്തല്ലെങ്കിലും ധോണി ഇപ്പോഴും മിസ്റ്റർ കൂൾതന്നെ... മികച്ച ഫിനിഷർ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.