അനാദരവ് കാണിച്ചില്ല, ഇനിയും ചെയ്യും...; ലോകകപ്പ് കിരീടത്തിൽ കാൽകയറ്റിവെച്ചതിനോട് പ്രതികരിച്ച് മിച്ചൽ മാർഷ്

ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്കു മുകളിൽ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന ആസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്‍റെ ചിത്രം വലിയ വിവാദമായിരുന്നു. ഓസീസ് നായകൻ പാറ്റ് കമ്മിന്‍സാണ് ഈ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പിന്നാലെ ഐ.സി.സി ലോകകപ്പിന്റെ ഔദ്യോഗിക പേജിലും ചിത്രം പ്രത്യക്ഷപ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.

മാര്‍ഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നുമായിരുന്നു പലരുടെയും പ്രതികരണം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറു വിക്കറ്റിനാണ് ഓസീസ് ആതിഥേയരെ പരാജയപ്പെടുത്തി ആറാം ലോക കിരീടം നേടിയത്. ഡ്രസിങ് റൂമിൽ ലോകകപ്പ് കിരീടത്തിൽ കാൽകയറ്റി വെക്കുന്ന മാർഷിന്‍റെ ചിത്രം പിന്നാലെയാണ് പുറത്തുവന്നത്. വിവാദത്തിൽ ഒടുവിൽ മാർഷ് പ്രതികരിച്ചിരിക്കുകയാണ്.

തന്‍റെ ആഘോഷം അനാദരവല്ലെന്നാണ് താരം പറയുന്നത്. ‘ആ ഫോട്ടോയില്‍ യാതൊരു അനാദരവും ഉണ്ടായിരുന്നില്ല. ഞാന്‍ അത് അധികം ചിന്തിച്ചിട്ടുപോലുമില്ല. അത് കൈവിട്ടുപോയെന്ന് എല്ലാവരും പറയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പല പ്രതികരണങ്ങളും ഞാൻ കണ്ടിട്ടില്ല’ - ഒരു ആസ്ട്രേലിയൻ മാധ്യമത്തോട് മാര്‍ഷ് പ്രതികരിച്ചു. ഇനിയും ഇത്തരത്തിൽ ചെയ്യുമോയെന്ന ചോദ്യത്തിന്, സത്യസന്ധമായും അതെ എന്നായിരുന്നു താരത്തിന്‍റെ മറുപടി. മാർഷിന്‍റെ നടപടി വേദനിപ്പിച്ചതായി പേസർ മുഹമ്മദ് ഷമി പറഞ്ഞിരുന്നു.

‘ലോകത്തിലെ എല്ലാ ടീമുകളും സ്വന്തമാക്കാനായി മത്സരിക്കുന്ന ട്രോഫി, തലക്ക് മുകളിൽ ഉയർത്താൻ ആഗ്രഹിക്കുന്ന ട്രോഫി, ആ ട്രോഫിയിൽ നിങ്ങൾ കാൽകയറ്റിവെച്ചത് എന്നെ വേദനിപ്പിക്കുന്നു’ -ഷമി പ്രതികരിച്ചു. ഓസീസിനായി ലോകകപ്പിൽ 10 മത്സരങ്ങളിൽനിന്നായി 441 റൺസാണ് മാർഷ് നേടിയത്.

Tags:    
News Summary - Mitchell Marsh Addresses Viral Photo Of Placing His Feet On World Cup Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.