ദുബൈ: പാകിസ്താനെതിരായ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിലൂടെയാണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറയെ പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുഹമ്മദ് ആമിർ.
പരിമിത ഓവർ ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബൂംറയെന്ന് ആമിർ അഭിപ്രായപ്പെട്ടു. യൂട്യൂബ് ചാനലായ 'അൺകട്ടിൽ' പുറത്തുവിട്ട വിഡിയോയിൽ ബൂംറയെയും പാക് പേസർ ശഹീൻ അഫ്രീദിയെയും താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നും താരം കൂട്ടിച്ചേർത്തു.
'നിലവിലെ സാഹചര്യത്തിൽ ശഹീനെ ബൂംറയുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. അവൻ ചെറുപ്പമാണ്. കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബൂംറ അങ്ങനെയല്ല. സമീപകാലത്തായി ബൂംറ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ ട്വന്‍റി20യിലെ ഏറ്റവും മികച്ച ബൗളറാണ് ബൂംറ. പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ' -ആമിർ പറഞ്ഞു.
'ഇപ്പോൾ പാകിസ്താന്റെ ഏറ്റവും മികച്ച ബൗളറാണ് ശഹീൻ. ഒന്നര വർഷത്തിനിടയിൽ അദ്ദേഹം നടത്തിയ പ്രകടനം മികച്ചതാണ്. ബുംറ ന്യൂബോളിൽ ഉജ്ജ്വലമായി പന്തെറിയുന്നു. യുവതാരങ്ങളുടെ ഇടയിൽ ന്യൂബോളിൽ അത് ശഹീനാണ്'-ആമിർ കൂട്ടിേച്ചർത്തു.
ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സൂപ്പർപോരാട്ടം. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി ബൂംറ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ സന്നാഹ മത്സരത്തിൽ പാകിസ്താൻ ജഴ്സിയണിഞ്ഞ ശഹീൻ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.