ന്യൂഡൽഹി: പരിചയ സമ്പന്നനായ പേസ് ബൗളർ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്കുവേണ്ടി പന്തെറിയില്ല. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പരിക്കുകാരണം ഷമിക്ക് കളിക്കാനാവില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധികൃതർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരെ ഡിസംബർ ഏഴിന് തുടങ്ങുന്ന ഏകദിന പരമ്പരയിൽനിന്ന് മീഡിയം പേസർ ദീപക് ചഹർ വിട്ടുനിൽക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. കുടുംബപരമായ അടിയന്തര ആവശ്യങ്ങളെ തുടർന്നാണിത്. ചഹറിന്റെ പകരക്കാരനായി ആകാഷ് ദീപിനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.
ഷമിക്ക് കണങ്കാലിനേറ്റ പരിക്ക് ഭേദമാകാതിരുന്നതോടെയാണ് പരമ്പരയിൽനിന്ന് പുറത്തായത്. 2023 ലോകകപ്പിൽ ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്നശേഷം പിന്നീടുള്ള കളികളിൽ 33കാരൻ അസാമാന്യഫോമിലായിരുന്നു. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനായ ഷമിക്ക് പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരങ്ങളിൽ വിശ്രമം അനുവദിക്കുകയും ചെയ്തു.
ടെസ്റ്റിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്നത് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ ആദ്യപരമ്പര വിജയം ഉന്നമിട്ടാകും ഇന്ത്യ കളത്തിലിറങ്ങുക. 2021-22ൽ ദക്ഷിണാഫ്രിക്കയിൽ കളിക്കാനെത്തിയപ്പോൾ ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായിരുന്നു ഷമി. മൂന്നു മത്സരങ്ങളിൽ 21 ശരാശരിയോടെ 14 വിക്കറ്റുകളാണ് അന്ന് പിഴുതത്.
എന്നാൽ, ഷമിക്ക് പകരക്കാരനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർ നിലവിൽ ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.