ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയൻ ബാറ്റർമാരെ എറിഞ്ഞൊതുക്കിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടിയ മത്സരത്തിൽ സന്ദർശകരുടെ ബാറ്റിങ് 188 റൺസിൽ അവസാനിച്ചു.
കെ.എൽ. രാഹുലിന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന്‍റെ ജയവും സ്വന്തമാക്കി. മത്സരശേഷം ഗ്രൗണ്ടിൽ വെച്ച് നടന്ന സിറാജും ഷമിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വിഡിയോ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മത്സരത്തിലെ രണ്ടാം ഓവറിൽ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ചതിന് പിന്നാലെയുള്ള സിറാജിന്റെ റോണോ മോഡൽ സെലിബ്രേഷനെ കുറിച്ചായിരുന്നു ചർച്ച.
ഫുട്‌ബാൾ ലോകത്ത് ഏറെ തരംഗമായ സെലിബ്രേഷനാണ് പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടേത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ മുഹമ്മദ് സിറാജ് പല തവണ വിക്കറ്റ് നേട്ടത്തിന് ശേഷം ഈ സെലിബ്രേഷൻ അനുകരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സിറാജിനോട് ഇനി ഈ ആഘോഷം അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഹമ്മദ് ഷമി.
താങ്കളുടെ ആ സെലിബ്രേഷന് പിന്നിലെ രഹസ്യമെന്താണ് എന്നായിരുന്നു സിറാജിനോടുള്ള ഷമിയുടെ ആദ്യ ചോദ്യം. ‘തന്‍റെ ആഘോഷം സിമ്പിളാണ്. താനൊരു ക്രിസ്റ്റ്യാനോ ആരാധകനാണ്, അത് കൊണ്ടാണ് താരത്തിന്റെ സെലിബ്രേഷൻ അനുകരിച്ചത്’ -സിറാജ് മറുപടി നൽകി. എന്നാൽ താങ്കളോട് എനിക്ക് ഒരു ഉപദേശമുണ്ടെന്ന് പറഞ്ഞ ഷമി ആരുടെയെങ്കിലും ആരാധകനാവുന്നതിൽ കുഴപ്പമില്ലെന്നും എന്നാല്‍ താങ്കളെപ്പോലൊരു ഫാസ്റ്റ് ബോളർ അത്തരം ചാട്ടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.