കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം മോഹൻലാൽ എത്തും. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനുമായിരുന്ന മോഹൻലാൽകൂടി അണിചേരുന്നതോടെ പുതിയൊരു ക്രിക്കറ്റ് വിപ്ലവത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെ.സി.എല്ലിന്റെ ഭാഗമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ മികച്ച പ്രതിഭകൾ കേരള ക്രിക്കറ്റിൽ ഉണ്ടാകുന്നുണ്ട്. അവർക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി.
ഐ.പി.എൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ രണ്ടുമുതൽ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കു ന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. ലീഗിന്റെ ഇടവേളയിൽ മലയാളി വനിത ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന പ്രദർശന മത്സരവും സംഘടിപ്പിക്കും.
ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താൽപര്യപത്രം സമർപ്പിക്കാനുള്ള അവസരം ജൂലൈ 15 വരെയാണെന്ന് കെ.സി.എൽ ചെയർമാൻ നാസിർ മച്ചാൻ അറിയിച്ചു. കേരള ക്രിക്കറ്റ് ലീഗിനൊപ്പം അംബസഡറായി മോഹൻലാൽ അണിചേരുന്നത് അഭിമാനകരവും ഏറെ പ്രതീക്ഷ നൽകുന്നതുമാണെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്. കുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.